ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടന്‍. 649 ആളുകളാണ് ഇന്നലെയും മരിച്ചത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ മറികടന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും കുറവില്ലാതെ നില്‍ക്കുന്ന മരണനിരക്കും അനുദിനം വര്‍ധിക്കുന്ന രോഗികളുടെ എണ്ണവും ഏവരെയും ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണ്.

30,076 പേര്‍ ഇതുവരെ മരിച്ചതായാണു സര്‍ക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങള്‍ കൂടുതലാണ് മരണങ്ങളെന്നാണു വിവിധ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തല്‍. ഇതിനോടകം 29,684 പേര്‍ മരിച്ച ഇറ്റലിയിലും ഇരുപത്തയ്യായിരത്തിനു മുകളില്‍ ആളുകള്‍ മരിച്ച സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലുമെല്ലാം മരണനിരക്കു ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ഈ കുറവ് കാണാത്തതാണ് ആശങ്കപ്പെടുത്തുന്ന ഘടകം.

ഈമാസം അവസാനത്തോടെ ദിവസേന രണ്ടുലക്ഷം ടെസ്റ്റിങ്ങുകള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ദിവസേന ആറായിരത്തിലേറെ ആളുകള്‍ക്കാണ് ഇപ്പോള്‍ ബ്രിട്ടനില്‍ രോഗം സ്ഥിരീകരിക്കുന്നത്. രാജ്യം ലോക്ഡൗണിലായിട്ടും ആളുകള്‍ സാമൂഹിക അകലം പാലിച്ചിട്ടും രോഗവ്യാപനത്തില്‍ കുറവില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗം ബാധിച്ച്‌ മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഡോക്ടര്‍മാരും നഴ്സുമാരും അടക്കം ഇതിനോടകം 110 ആരോഗ്യ പ്രവര്‍ത്തകരും 19 കെയര്‍ഹോം ജീവനക്കാരുമാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.