അര്‍ജന്റീന: ബലാത്സംഗ കേസിലെ പ്രതികളെ പിടികൂടാന്‍ നിര്‍ണായക തെളിവായി വളര്‍ത്തു തത്ത. അര്‍ജന്റീനയിലാണ് സംഭവം. 44 കാരിയായ എലിസബത്ത് ടൊലീഡോ എന്ന സ്ത്രീയെ അയല്‍വാസികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വളര്‍ത്തു തത്ത നിര്‍ണായക തെളിവായത്.

2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. എലിസബത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു അയല്‍വാസികളായ രണ്ടംഗ സംഘം. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നു കളഞ്ഞു. എന്നാല്‍ എത്ര വിദഗ്ധമായി കുറ്റകൃത്യങ്ങള്‍ നടത്തിയാലും ഒരു തെളിവ് അവശേഷിക്കുമെന്ന് പറയപ്പെടുന്നത് പോലെ അവിടെയും ഒരു തെളിവ് അവശേഷിച്ചു. എലിസബത്തിന്റെ വളര്‍ത്തു തത്ത. എലിസബത്ത് പറഞ്ഞ വാക്കുകള്‍ തത്ത പറഞ്ഞു കൊണ്ടേയിരുന്നു. ചെയ്യരുത് ; ദയവായി എന്നെ പോകാനനുവദിക്കൂ എന്നാണ് തത്ത പറഞ്ഞുകൊണ്ടേയിരുന്നത്.

ഇത് ശ്രദ്ധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ഈ തത്തയെ പ്രയോജനപ്പെടുത്തി. തത്തയുടെ സാക്ഷ്യവും ഉള്‍പ്പെടുത്തി പിന്നീട് കേസ് ഫയല്‍ ചെയ്തു. എലിസബത്തിന്റെ കൈത്തണ്ടയില്‍ കടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇത് പ്രതികളിലൊരാളുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതും കേസില്‍ നിര്‍ണായക തെളിവായി.