ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: കേരളത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട് അഭ്യര്‍ത്ഥിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ഒരു ഗവണ്‍മെന്റാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നും ഓരോരുത്തരായി അഴിക്കുള്ളിലേക്ക് പോകുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കോവിഡിന്റെ മറവില്‍ ആരും ശ്രദ്ധിക്കാതെപോയ എത്രയെത്ര അഴിമതി കഥകള്‍. ഇതിനെല്ലാം മറുപടി നല്‍കുവാന്‍ നല്ല ഒരു അവസരമാണ് ഇപ്പോള്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. അതുപോലെ തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ബി.ജെ.പി.ക്കും അമിത് ഷായ്ക്കും മറുപടി കൊടുക്കേണ്ട സമയമാണ്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന സമരയാത്രയുടെ പരിണിത ഫലം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. കോവിഡിന്റെ മറവില്‍ ഇന്ത്യന്‍ ജനത മറന്നുപോയ പൗരത്വനിയമ ഭേദഗതി, ഇന്ത്യയുടെ സാമ്പത്തികാവസ്ഥയുടെ കൂപ്പുകുത്തല്‍, പ്രതിരോധ മേഖലയിലുണ്ടായ വീഴ്ചകള്‍ ഇവയൊക്കെ ഓര്‍മ്മയില്‍ ഉള്‍ക്കൊള്ളേണ്ട തെരഞ്ഞെടുപ്പുകൂടിയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. മോദി ഗവണ്‍മെന്റിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയടികള്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ നമുക്ക് ഉപയോഗിക്കണം. ഇന്ത്യന്‍ ജനതയുടെ മനസ്സറിഞ്ഞ് ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് കേരളത്തിലും  കേന്ദ്രത്തിലും അധികാരത്തില്‍ വരാനുള്ള കേളികൊട്ടായി ഈ തെരഞ്ഞെടുപ്പിനെ മാറ്റുവാന്‍ നാം ശ്രമിക്കണം.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ആശംസകളും പിന്തുണയും അറിയിക്കുന്നു .ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ ജന്മനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ സഹോദരി സഹോദരന്‍മാര്‍ പലരും യു.ഡി. എഫ് സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുണ്ട്. ഇവര്‍ക്കെല്ലാം വേണ്ട സഹായ സഹകരണങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ ഓവര്‍സീസ് കേരള ചാപ്റ്റര്‍ നല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ നാട്ടിലുള്ള നമ്മുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും യു ഡി ഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യവാന്‍ ആഹ്വാനം ചെയ്യേണ്ട സമയം കൂടിയാണിത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേരള ഗവണ്‍മെന്റിനും, മോദി ഗവണ്‍മെന്റിനുമെതിരായ ജനവിധിയുടെ തുടക്കം കുറിക്കുവാന്‍ ത്രിതല പഞായത്ത് തെരഞ്ഞെടുപ്പ് നാന്ദി കുറിക്കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, ഐഒസി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, സെക്രട്ടറി സജി കരിമ്പന്നൂര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, നാഷണല്‍ സെക്രട്ടറി ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് ജോസ് ചാരുമൂട്, സെക്രട്ടറി രാജന്‍ പടവത്തില്‍ എന്നിവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും  മീറ്റിംഗില്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.