മുംബൈ: ആഭ്യന്തര വിമാനസര്‍വീസ് ആരംഭിക്കുന്ന വിഷയത്തില്‍ യുടേണ്‍ അടിച്ച് മഹാരാഷ്ട്ര. മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്കുള്ളതുമായ 25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് മഹാരാഷ്ട്രമന്ത്രി നവാബ് മാലിക്കാണ് അറിയിച്ചത്. വ്യോമഗതാഗതം പുനസ്ഥാപിക്കുന്നതിനായി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1,31, 868 കൊറോണ വൈറസ് കേസുകളില്‍ 47,190 എണ്ണവും മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നതില്‍ ഉദ്ധവ് താക്കറെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മുംബൈ വിമാനത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളതെന്നും നവാബ് മാലിക്ക് വ്യക്തമാക്കി. അതേ സമയം വരും ദിവസങ്ങളില്‍ മുംബൈയില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യോമഗതാഗതം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നുവെന്നും ഇത് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നതായും ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു ഇപ്പോഴത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സികള്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് അത്യാവശ്യ സേവനങ്ങള്‍ക്ക് വേണ്ടി മാത്രം വിമാന സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുംബൈ വിമാനത്താവളം പ്രവര്‍ത്തിച്ച് തുടങ്ങുന്നതിനായി ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു.ഇക്കാര്യം മുഖ്യമന്ത്രി ഓഫീസും ട്വീറ്റ് ചെയ്തിരുന്നു.
ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുംബൈ വിമാനത്താവളത്തെ സജ്ജമാക്കേണ്ടതുണ്ടെന്നും ഇതിന് മഹാരാഷ്ട്ര സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്നും വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന മുംബൈയും, പുനെയും നാഗ്പൂരും റെഡ് സോണിലാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിത്തിരുന്നു. അതേ സമയം മെയ് 31 ന് ശേഷവും ലോക്ക്ഡൌണ്‍ തുടരുമെന്ന സൂചനയും താക്കറെ നല്‍കിയിരുന്നു.
ഈ ആഴ്ച ആദ്യമാണ് രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നത്. കേന്ദ്രത്തിന്റെ നീക്കത്തിനനുസരിച്ച് നീങ്ങാന്‍ മഹാരാഷ്ട്രയ്ക്ക് അനിശ്ചിതത്വങ്ങളുണ്ട്. മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴാനാടും, പശ്ചിമബംഗാളും ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര നീക്കം അനുസരിച്ച് തിരക്കേറിയ വിമാനത്താവളങ്ങളായ ചെന്നൈയും കൊല്‍ക്കത്തയും തുറന്ന് പ്രവര്‍ത്തിക്കേണ്ടതായി വരും.