ദുബൈ: കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അടച്ചിട്ട മാളുകള്‍ വീണ്ടും തുറന്ന് യുഎഇ. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടേയും മുന്‍കരുതലുകളോടെയുമാണ് മാളുകള്‍ വീണ്ടും തുറന്നത്. ദുബായ് മാള്‍, നഖീല്‍, ഇബ്ന്‍ ബത്തൂത്ത മാളുകള്‍, ഡ്രാഗന്‍ മാര്‍ട്ട്, ദെയ്റ ഗോള്‍ഡ് സൂഖ് തുടങ്ങിയവയെല്ലാം തുറന്നിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ രാഥ്രി 10 വരെയാണ് മാളുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. തെര്‍മല്‍ സ്കാനിങ് നടത്തിയാണ് ആളുകളെ അകത്തേക്ക് കയറ്റി വിടുന്നത്. പാര്‍ക്കിങ് മേഖല 75 ശതമാനവും ഒഴിച്ചിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ദെയ്റ ഗോള്‍ഡ് സൂഖില്‍ റീട്ടെയില്‍ കടകള്‍ക്ക് രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. ഉള്‍ക്കൊള്ളാവുന്നതിന് 30 ശതമാനം ആളുകളെ മാത്രമെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ജീവനക്കാര്‍ ഉള്‍പ്പടെ മുഴുവന്‍ ആളുകളും മാസ്കും ഗ്ലൗസും ധരിക്കണം. മെട്രോ സര്‍വ്വീസും യുഎഇ പുനഃരാരംഭിച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ രാത്രി 11 മണിവരെയാണ് സര്‍വീസ്. വെള്ളിയാഴ്ചകളില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ്.

രാവിലെ 6 മണിമുതല്‍ രാത്രി 10 വരെ ബസ് സര്‍വീസ് ഉണ്ടാകും. എന്നാല്‍ ആശുപ്രതികളിലേക്കുള്ള റൂട്ടില്‍ രാത്രി 10 ന് ശേഷവും സര്‍വീസ് നടത്തും. മെട്രേയിലും ബസിസും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണമുണ്ട്. മെട്രോയിലും ബസിലും ഒരോ സീറ്റ് ഇടവിട്ടാണ് ഇരിക്കേണ്ടത്. രണ്ട് പേര്‍ക്കുള്ള സീറ്റില്‍ ഒരാള്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു. മാസ്കും ഗ്ലൗസും ധരിക്കേണ്ടത് ആവശ്യമാണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസയമം, ജിമ്മുകള്‍, തിയറ്ററുകള്‍, മ്യൂസിയം, പൈതൃക കേന്ദ്രങ്ങള്‍, മസാജ് സെന്ററുകള്‍, വിവാഹ ഹാളുകള്‍, ഉദ്യാനങ്ങള്‍, ബീച്ചുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും. അബൂദാബായില്‍ ആരാധനാലയങ്ങളും സ്കൂള്‍ ഉള്‍പ്പടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിട്ടില്ല. 14163 പേര‍്ക്കാണ് യുഎഇയില്‍ ഇതുവരെ വൈറസ് ബാധിച്ചത്. ഇതില്‍ മലയാളികള്‍ ഉള്‍പ്പടെ 126 പേര‍്ക്ക് ജീവന്‍ നഷ്ടമായി.