തിരുവനന്തപുരം: മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുകയാണ്.
പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ ഇവരെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചു വരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ഡല്‍ഹിയിലും 348 പേര്‍ പഞ്ചാബിലും 89 പേര്‍ ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്. ഡല്‍ഹിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15ന് മുന്‍പ് ഒഴിയണമെന്നാണ് അവര്‍ക്കു ലഭിച്ച നിര്‍ദേശം. പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികളുണ്ട്. റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്‍റെ തീയതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. കേന്ദ്ര ഗവണ്‍മെന്‍റുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവര്‍ 6802 ആണ്. 20,31,89 പേര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകള്‍ വിതരണം ചെയ്തു. തമിഴ്നാട്ടില്‍നിന്ന് 4298 പേരും കര്‍ണാടകത്തില്‍നിന്ന് 2120 പേരും മഹാരാഷ്ട്രയില്‍നിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.