ജിദ്ദ: നാട്ടില്‍ അവധിക്ക് പോയിരുന്ന മലയാളികളടക്കമുള്ള 213 ഇന്ത്യന്‍ നഴ്സുമാര്‍ സൗദി അറേബ്യയില്‍ തിരിച്ചെത്തി. കോവിഡ് കാലം വരുന്നതിന് മുമ്ബ് അവധിക്ക് നാട്ടില്‍ പോയവരാണിവര്‍. കോവിഡ് കാരണം വിമാന സര്‍വിസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നിശ്ചിത സമയത്ത് സൗദിയിലേക്ക് മടങ്ങിവരാന്‍ കഴിയാതെ സൗദിയില്‍ നിന്നുള്ള വിളിയും കാത്ത് സ്വദേശത്ത് തന്നെ തങ്ങുകയായിരുന്നു. സൗദിക്ക് പുറത്ത് കുടുങ്ങി കിടക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും തിരിച്ചു കൊണ്ടുവരണമെന്ന് ഗവണ്മെന്റ് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവരെ തിരികെ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ നിന്ന് നഴ്സുമാര്‍ സൗദിയിലെ അബ്ഹ വിമാനത്താവളത്തിലാണ് എത്തിയത്.
നഴ്സുമാരെ അസീര്‍ മേഖല ആരോഗ്യ കാര്യാലയ മേധാവികളും ജീവനക്കാരും പൂക്കള്‍ നല്കി സ്വീകരിച്ചു. ഇവരുടെ ആരോഗ്യ പരിശോധനക്ക് ഫീല്‍ഡ് ആശുപത്രി ഒരുക്കിയിരുന്നു. സമൂഹ അകലപാലനത്തിനും ലഗേജുകള്‍ അണുമുക്തമാക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. 14 ദിവസത്തെ ഹോം ക്വാറന്റീനും അതിനുശേഷം മെഡിക്കല്‍ പരിശോധനക്കും ശേഷമായിരിക്കും ഇവര്‍ ജോലിയില്‍ പുനഃപ്രവേശിക്കുക. താമസത്തിനായി പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതേപോലെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വദേശികളും വിദേശികളുമായ ആരോഗ്യ മേഖലയിലെ ജീവനക്കാരെ തിരിച്ചു കൊണ്ടുവരുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരാഴ്ച മുമ്ബ് തബൂക്ക് വിമാനത്താവളം വഴി ഇന്ത്യയില്‍ നിന്ന് 200 ലധികം നഴ്സുമാരെ സൗദിയിലെത്തിച്ചിരുന്നു. ഇതിലും മലയാളികളായിരുന്നു കൂടുതല്‍. അവധിയില്‍ നാട്ടിലുള്ള കൂടുതല്‍ നഴ്സുമാര്‍ വരും ദിവസങ്ങളിലും എത്തുമെന്നാണ് വിവരം.