കൊച്ചി: എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതിനതുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ചു. രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും ചെല്ലാനം ഹാര്‍ബറിലെ ജോലിക്കാരാണ്. ഇതേത്തുടര്‍ന്നു ചെല്ലാനം 15-ാം വാര്‍ഡും ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 16-ാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളാക്കുന്നതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി. ഇതില്‍ 25 പേരുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായി. സ്ത്രീ കഴിഞ്ഞിരുന്ന വാര്‍ഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്കി.
ചെല്ലാനത്ത് രണ്ടാമത്തെ കോവിഡ് കേസാണ്. സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴ അതിര്‍ത്തിയിലുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. മത്സ്യത്തൊഴിലാളികളായ ഭര്ത്താക്കന്മാര് ഒരുമിച്ചാണോ ജോലി ചെയ്തതെന്നും പരിശോധിക്കുകയാണ്.