കാലാവധിവായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചിട്ട് അതേകാലത്ത് പലിശയീടാക്കുന്നത് നീതികേടാണെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്തും പലിശയീടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിനല്‍കിയ റിസര്‍വ് ബാങ്ക് ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഈ നിരീക്ഷണം. സാമ്ബത്തികനില രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, പലിശ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും അത്തരം നടപടി ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്നും റിസര്‍വ് ബാങ്ക് സത്യവാങ്മൂലം നല്‍കി.

കേസില്‍ വിശദീകരണംതേടി മേയ് 26ന് റിസര്‍വ് ബാങ്കിന് സുപ്രീംകോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി ആര്‍.ബി.ഐ. ബുധനാഴ്ച നല്‍കിയ സത്യവാങ്മൂലത്തിലാണ് പലിശ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശമാത്രം 2.01 ലക്ഷം കോടി രൂപവരുമെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) ഒരു ശതമാനംവരുന്ന തുകയാണിത്. ഇത് എഴുതിത്തള്ളുന്നത് ബാങ്കുകളുടെ സാന്പത്തികസുസ്ഥിരതയെ ബാധിക്കും.

അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ആറുമാസത്തേക്കാണ് കാലാവധിവായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. മൊറട്ടോറിയം എന്നത് വായ്പാതിരിച്ചടവ് മാറ്റിവെക്കല്‍ മാത്രമാണ്. അല്ലാതെ ആ സമയത്തുള്ള വായ്പാതിരിച്ചടവ് എഴുതിത്തള്ളുന്നതല്ല. വായ്പയും പലിശയും തിരിച്ചുപിടിക്കുന്നത് അതതു ബാങ്കിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. വിവിധ മേഖലകള്‍ക്ക് സാമ്ബത്തികപ്രതിസന്ധിക്കിടെ ആശ്വാസംപകരുന്നതിനായാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പലിശ നിര്‍ബന്ധമായി എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുന്നത് ശരിയല്ല. വായ്പയെടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം ബാങ്കുകളുടെ വരുമാനവും വാണിജ്യപരമായ നിലനില്‍പ്പും നിക്ഷേപകരുടെ താത്പര്യങ്ങളും ഉറപ്പുവരുത്തേണ്ടതുമുണ്ടെന്നും ആര്‍.ബി.ഐ.യുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

വിഷയത്തില്‍ ആര്‍.ബി.ഐ.യുടെയും സര്‍ക്കാരിന്റെയും സംയുക്തമറുപടിക്കായി സമയം അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ സത്യവാങ്മൂലത്തിന് മറുപടിനല്‍കാന്‍ സമയം വേണമെന്ന് പരാതിക്കാരനും ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ജൂണ്‍ 12 ലേക്ക് മാറ്റി.