റായ്പൂര്‍: മൊബൈല്‍ ഫോണുകള്‍ കോവിഡ് വാഹകരായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍മാര്‍. ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതുവഴി ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗബാധയുണ്ടാകുന്ന ഒരു കാരണത്തെ തടയാനാകുമെന്നും റായ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ലോകാരോഗ്യ സംഘടന അടക്കമുള്ള സംഘടനകള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഒരു മാര്‍ഗനിര്‍ദ്ദേശങ്ങളിലും മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടില്ല.

എന്നാല്‍ മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫോണില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കില്‍ അത് നേരിട്ട് ശരീരത്തിലെത്താമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ആരോഗ്യകേന്ദ്രങ്ങളില്‍ നിരവധി ആവശ്യങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം കൂടുമെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.