ഫ്ലോറിഡ : മെറിൻ ജോയിയെന്ന മലയാളി നഴ്സിനെ ജോലി ചെയ്തിരുന്ന ആശുപത്രി വളപ്പിൽ വെച്ച് അതിദാരുണമായി കൊലപ്പെടുത്തിയ ഭർത്താവ് ഫിലിപ്പ് മാത്യുവിന് വധശിക്ഷ നൽകണമെന്ന് വാദവുമായി പ്രോസിക്യൂഷൻ. വാദത്തിന് ആധാരമായ രേഖകൾ അടങ്ങിയ റിപ്പോർട്ട് കോടതി മുമ്പാകെ ഇന്ന് സമർപ്പിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 28 രാവിലെ 7:30 ഓടെയാണ് മെറിൻ ജോയ് രാത്രി ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ കാർ പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ ഫിലിപ്പ് മാത്യു കത്തികൊണ്ട് കുത്തി വീഴ്ത്തി ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷികളായ സഹപ്രവർത്തകരുടെ മൊഴികളും, സി.സി ടി.വി ദൃശ്യങ്ങളും വിചാരണവേളയിൽ നിർണായകമാകും. ഭർത്താവ് ഫിലിപ്പ് മാത്യുവാണ് കുത്തിയതെന്ന മെറിൻ നൽകിയ മരണമൊഴിയും ഉണ്ട്. കൊലപാതകക്കുറ്റം ചുമത്തിയ ഇയാൾ ബ്രോവാർഡ് കൗണ്ടി ജയിലിലാണ്. നിലവിൽ ജാമ്യാപേക്ഷ പോലും പരിഗണിക്കപ്പെടുകയില്ല,
കോവിഡ് -19 മഹാമാരി മൂലം കേസ് വിചാരണ തുടങ്ങാൻ ഗ്രാൻഡ് ജൂറിയെ നിയമിക്കുവാൻ സ്റ്റേറ്റ് അറ്റോർണി ഓഫീസിന് സാധ്യമായിട്ടില്ല. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് ഗ്രാൻഡ് ജൂറി കുറ്റപത്രം നൽകിയാൽ പ്രതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കും. മുൻകൂട്ടി പദ്ധതിയിട്ട അതിക്രൂരവും, പൈശാചികവുമായ കൊലപാതകമാണിതെന്ന് സ്റ്റേറ്റ് അറ്റോർണി മൈക്കൽ സാറ്റ്സ് നൽകിയ കത്തിൽ പറയുന്നു.