തൃശൂര്‍ : മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ തിരക്കേറുന്നു. കൊവിഡ് രൂക്ഷമായതോടെ മെഡിക്കല്‍ കോളേജിലെ ഒ.പികളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ എതാനും ആഴ്ചകളായി മെഡിക്കല്‍ കോളേജിലെ ഒ.പിയില്‍ രണ്ടായിരത്തിലേറെ പേരാണെത്തുന്നത്.

കാര്‍ഡിയോളജി, ഓര്‍ത്തോ, ഗ്യാസ്‌ട്രോളജി, ന്യൂറോളജി വിഭാഗങ്ങളില്ലെല്ലാം പരിശോധനയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം കൂടിവരികയാണ്.

കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് ജനറല്‍ ഒ.പിയിലാണ്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യമാസങ്ങളിലും ലോക് ഡൗണ്‍ സമയത്തും ആയിരത്തില്‍ താഴെ മാത്രമേ രോഗികളെത്തിയിരുന്നുള്ളൂ. പിന്നീട് കൊവിഡ് വ്യാപനം കൂടിയപ്പോള്‍ ഒ.പികളില്‍ എണ്ണം കൂടുകയായിരുന്നു. കൊവിഡിന് മുമ്പ്‌ മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് രോഗികളെത്തിയിരുന്നത്.

പ്രായമേറിയവര്‍ വരെ സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതേ അവസ്ഥയിലേക്കാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. മെഡിക്കല്‍ കോളേജിലേക്ക് നിറുത്തിവച്ച ബസ് സര്‍വീസുകള്‍ കൂടുതല്‍ ആരംഭിച്ചതും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഒഴിച്ച്‌ മിക്ക ദിവസങ്ങളിലും ജില്ലയില്‍ ഒരു മാസത്തോളമായി അഞ്ഞൂറിനും എണ്ണൂറിനും ഇടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിയന്ത്രണങ്ങളില്ല

ഒ.പികളില്‍ എത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലാത്തത് മൂലം എല്ലാവരും കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇരിപ്പിടങ്ങളുടെ കുറവും ദുരിതം കൂട്ടുന്നു. അമ്പതോളം കസേരകള്‍ മാത്രമാണ് പല ഒ.പികളിലുള്ളത്. എന്നാല്‍ ഒരേസമയം നൂറിലേറെ പേരാണ് ഒ.പികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

ജനറല്‍ ആശുപ്രതികളിലും തിരക്ക്

ജില്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് തലങ്ങളിലെ ജില്ലാ ആശുപത്രികളിലും തിരക്ക് വര്‍ദ്ധിച്ച്‌ തുടങ്ങി. പ്രഥാമികാരോഗ്യ കേന്ദ്രങ്ങളിലും കഴിഞ്ഞ എതാനും ആഴ്ച്ചകളായി ചികിത്സ തേടിയെത്തുന്നവര്‍ കൂടിവരികയാണ്. ജില്ലാ ജനറല്‍ ആശുപത്രി വിവിധ രോഗങ്ങള്‍ക്ക് ഉള്ള മരുന്ന് വാങ്ങുന്നതിനും തിരക്കേറെയാണ്.