അഞ്ചല്‍: മൃതദേഹ പരിശോധനയ്ക്കായി അഞ്ചല്‍ സിഐ മൃതദേഹത്തെ തന്റെ വീട്ടിലേയ്ക്ക് എത്തിപ്പിച്ചതായി പരാതി. ജന്മഭൂമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചല്‍ ഇടമുളയ്ക്കലില്‍ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൃതദേഹത്തോട് കേട്ടു കേള്‍വിയില്ലാത്ത അനാദരവ് കാട്ടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സംഭവ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംഭവസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു .

മൃതദേഹവുമായി പതിനഞ്ച് കിലോമീറ്ററോളോം സഞ്ചേരിച്ച്‌ കടയ്ക്കലിലെ വീട് പണിനടക്കുന്ന സ്ഥലത്തു ചെന്ന് ഒപ്പ് വാങ്ങിയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി സുനിലിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് പോകാന്‍ കഴിഞ്ഞത്. അഞ്ചലില്‍ നിന്നും ഇത്രയധികം ദൂരം മൃതദേഹവുമായി ആംബുലന്‍സ് ഓടി താമസിച്ചത് കൊണ്ടു മെഡിക്കല്‍ കോളേജില്‍ എത്താന്‍ താമസിച്ചതിനാലാണ് പോസ്റ്റ്‌ മോര്‍ട്ടം തൊട്ടടുത്ത ദിവസതേക്ക് മാറ്റിവെക്കേണ്ടി വന്നതെന്ന് സുജിനിയുടെ അച്ഛന്‍ ഷാജിയും ആംബുലന്‍സ് ഡ്രൈവര്‍ സുബാഷും പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ ഇവര്‍ പറയുന്നത് സിഐയുടെ അസാന്നിദ്ധ്യത്തില്‍ സുജിനിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച സുനിലിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മറ്റുള്ള പോലീസുദ്യോഗസ്ഥര്‍ നടത്തുകയും ചെയ്തു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രേഖകളില്‍ അഞ്ചല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒപ്പ് ഇടേണ്ടുന്നതുകൊണ്ട് ബന്ധുക്കള്‍ മൃതദേഹവുമായി അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

എന്നാല്‍ പത്ത് മിനിറ്റോളം അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ മൃതദേഹവുമായി നിന്നെങ്കിലും സിഐ എത്തിയില്ല.തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒപ്പിടുന്നതിനായ് കടക്കല്‍ ഉള്ള തന്റെ വീട് പണി നടക്കുന്ന സ്ഥലത്ത് എത്താന്‍ സിഐ സുനിലിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ വിഷ്ണു എന്ന പോലീസുകാരനും ബന്ധുക്കളോടൊപ്പം ഉണ്ടായിരുന്നു. സിഐയുടെ നടപടിയില്‍ വ്യാപക പ്രതിക്ഷേധം ഉയരുകയാണ്.