റിയാദ്: ( 10.09.2020) മൂന്നുമാസം മുമ്പ്‌ റിയാദില്‍ സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയതിന് ശേഷം വിവരമൊന്നുമില്ലതിരുന്ന പ്രവാസി മലയാളി മരിച്ചെന്ന് സ്ഥിരീകരണം. റിയാദിലെ അല്‍മുഹൈദിബ് കമ്ബനിയിലെ ഡ്രൈവറായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മുഹമ്മദിനെ (സൈദു-57)യാണ് മെയ് 27ന് കാണാതായത്.

കാണാതായ സമയത്ത് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരാതിപ്പെടുകയും വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. റിയാദിലെ ശുമൈസി ആശുപത്രിയിലേക്കാണ് ചികിത്സ തേടി പോയത്. അതിന് ശേഷം വിവരങ്ങളില്ലാതായെന്ന് പറഞ്ഞാണ് സൗദിയിലുള്ള സഹോദര പുത്രന്‍ അനൂപും സാമൂഹിക പ്രവര്‍ത്തകരും അന്വേഷണം നടത്തിയത്.

അതേസമയം ആശുപത്രിയിലേക്ക് പോയ ഇയാള്‍ റിയാദിലെ മന്‍ഫുഅയില്‍ വെച്ച്‌ മേയ് 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു എന്നാണ് ലഭിച്ച വിവരം. പിന്നീട് ആഗസ്റ്റ് 30ന് റിയാദ് മന്‍സൂരിയയിലെ മഖ്ബറയില്‍ ഖബറടക്കിയെന്നും വിവരമുണ്ട്. ഭാര്യ: ഫാമിദ. മക്കള്‍: ശിഫ, ഫഹിമ, ഫഹദ്.