കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും ഫോബ്‌സിന്റെ 34-ാമത് വാര്‍ഷിക കോടീശ്വരന്‍ പട്ടികയില്‍ ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെ ഒന്നാമന്‍. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി നിലകൊള്ളുന്നത്. രണ്ടാം സ്ഥാനക്കാരനായ ബില്‍ ഗേറ്റ്സിന്റെ ആസ്തി 98 ബില്യണ്‍ ഡോളറാണ്. ആഡംബര മാഗ്നറ്റ് എല്‍‌വി‌എം‌എച്ച്‌ ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് 76 ബില്യണ്‍ ഡോളര്‍ സമ്ബാദിച്ച്‌ മൂന്നാമത്തെ സമ്ബന്ന വ്യക്തിയായി പട്ടികയില്‍ മുന്നേറി.

67.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി വാറന്‍ ബഫറ്റിനാണ് പട്ടികയില്‍ നാലാം സ്ഥാനം. 59 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒറാക്കിള്‍ സ്ഥാപകനും സിടിഒയുമായ ലാറി എലിസണാണ് ഫോബ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ശ്രദ്ധേയായ പുതുമുഖം ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി ബെസോസാണ്. 36 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 22-ാം സ്ഥാനത്താണ് മക്കെന്‍സി എത്തിയിരിക്കുന്നത്.

കൊവിഡ് 19 വ്യാപനവും തുടര്‍ന്നുള്ള പ്രതിസന്ധികളും കാരണം ലോകത്തിലെ സമ്ബന്നരില്‍ ചില പ്രകടമായ മാറ്റങ്ങള്‍ ഇത്തവണ ദൃശ്യമാണ്. നിരവധി പേരുടെ സമ്ബത്തില്‍ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. കോവിഡ് -19 മഹാമാരിയും തുടര്‍ന്നുള്ള സാമ്ബത്തിക തകര്‍ച്ചയും കാരണം 267 പേര്‍ ഈ വര്‍ഷത്തെ പട്ടികയില്‍ നിന്ന് പുറത്തായി. 1,062 വ്യക്തികളുടെ സമ്ബാദ്യത്തില്‍ കുറവുണ്ടായി. ഈ വര്‍ഷത്തെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 8 ട്രില്യണ്‍ ഡോളറാണ്, ഇത് കഴിഞ്ഞ വര്‍ഷത്തെ 8.7 ട്രില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ്.

ആഗോള ആരോഗ്യ പ്രതിസന്ധിയിലേക്ക് ഗേറ്റ്സ്, സൂം സിഇഒ എറിക് യുവാന്‍, അര്‍നോള്‍ട്ട്, എയര്‍ബണ്‍ബി സിഇഒ ബ്രയാന്‍ ചെസ്കി തുടങ്ങിയ ശതകോടീശ്വരന്മാര്‍ വന്‍ തുക തന്നെ സംഭാവന നല്‍കുകയും ചെയ്തു. ഭര്‍ത്താവുമായോ മക്കളുമായ സഹോദരങ്ങളുമായോ തങ്ങളുടെ സമ്ബാദ്യം പങ്കിടുന്ന ഏഴ് പേര്‍ ഉള്‍പ്പെടെ 2020ലെ പട്ടികയില്‍ 241 സ്ത്രീകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൊത്തം ആസ്തി ഒരു മാസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.