രാജ്യം ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ രോഗബാധിതരുടെ എണ്ണം 85215 ഉം മരണം 2700 ഉം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. മരണനിരക്ക് 3.2% ല്‍ തുടരുകയാണ്. അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലാണ് രോഗബാധിതരുടെ പ്രതിദിന വര്‍ദ്ധനവ്. മരണം നൂറുവരെ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം നാലായിരത്തിലെത്തി. രാജ്യത്തെ രോഗബാധിതരില്‍ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. മരണനിരക്ക് 3.2 ശതമാനമായി തുടരുകയാണ്. 27000 പേര്‍ മുക്തരായി.

രാജ്യത്തെ രോഗബാധിതരില്‍ വലിയ ഭാഗം മഹാരാഷ്ട്രയിലാണ്. പുതുതായി 1576 കേസുകളും 49 മരണവും റിപ്പോര്‍ട്ട് ചെയ്തതേടെ ആകെ രോഗബാധിതര്‍ 29 100 ഉം മരണം 1068 ഉം ആയി. ധാരാവിയില്‍ ആകെ കേസ് 1145 ഉം മരണം 53 കടന്നു. ഗുജറാത്ത് ,മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധ തുടരുകയാണ്. ഡല്‍ഹിയില്‍ 425 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും രണ്ടുദിവസമായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിയന്ത്രിത മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ സാധാരണനിലയിലേക്ക് ആകും വിധം അടച്ചുപൂട്ടല്‍ നീട്ടണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. മെട്രോയും ആഭ്യന്തര വിമാന സര്‍വീസും ആരംഭിക്കണം. ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും സമാന അഭിപ്രായം കേന്ദ്രത്തെ അറിയിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര ,പശ്ചിമ ബംഗാള്‍ ,അസം സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് മഹാരാഷ്ട്രയും തമിഴ്നാടും ജൂണ്‍ വരെ അടച്ചുപൂട്ടല്‍ നീട്ടി.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ അടച്ചുപൂട്ടലില്‍ ഇളവ് നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത്തവണ പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. ആഭ്യന്തരമന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കും.