കേരളത്തില്‍ നിന്നും ഉദ്ഭവിച്ചു കേരളത്തിന്റെ ഭൂപ്രദേശത്തു കൂടി മാത്രം ഒഴുകുന്ന ഒരു നദിയാണു മുല്ലപ്പെരിയാര്‍. കേരളത്തിലെ നാല്‍പ്പത്തിനാലു നദികള്‍ക്കും ശക്തി പകര്‍ന്നുകൊണ്ടു കേരളത്തിന്റെ മധ്യഭാഗത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദി. ഈ നദിക്കു ഇന്നു കേരളത്തിനു യാതൊരവകാശമുല്ലാതായതെങ്ങനെ ? അതിന്റെ കാരണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു ഓരോ മലയാളിയുടേയും അവകാശമാണ്. പത്തനംതിട്ട ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നു രണ്ടായിരത്തി അഞ്ഞൂറു അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവഗിരി കൊടുമുടിയില്‍ നിന്നാണു മുല്ലപ്പെരിയാറിന്റെ ഉത്ഭവം. ഇവിടെ നിന്നു പതിനേഴു കിലോമീറ്ററോളം താഴേക്കൊഴുകി എണ്ണൂറു മീറ്റര്‍ ഉയരമുള്ള ഭൂപ്രദേശത്തു എത്തുന്നതോടെയാണ് മുല്ലയാറും, പെരിയാറും ചേര്‍ന്നു മുല്ലപ്പെരിയാര്‍ ആകുന്നത്. തമിഴ്നാട്ടില്‍ നിന്നും ഒരു തുള്ളി വെള്ളംപോലും മുല്ലപ്പെരിയാറിലേക്കു വരുന്നില്ല. എന്നിട്ടും ഈ നദിയുടെ സ്വഭാവിക ഒഴുക്കിനെ തടഞ്ഞുകൊണ്ടു തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുവാനായി വഴിതിരിച്ചു പുറകോട്ടു ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നു.
അന്‍പതു വര്‍ഷത്തെ ആയുസു മാത്രം പ്രതീക്ഷിച്ച ഒരു ഡാമിനു 999 വര്‍ഷത്തേക്ക് കരാര്‍ എഴുതിയതെന്തുകൊണ്ടാണ്. ഇത്രയും നീണ്ട വര്‍ഷത്തേക്കായി ഇങ്ങനെ ഒരു കരാര്‍ ഒപ്പിടുന്നതു ലോകത്തൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. 1200 അടി നീളവും 175 അടി ഉയരവുമുള്ള ഈ അണക്കെട്ടു രൂപകല്പന ചെയ്തതു ബ്രിട്ടീഷ് എഞ്ചിനീയര്‍മാരായിരുന്നു. ചുടുകട്ടപ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, മണല്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന് അന്‍പത് വര്‍ഷത്തെ ആയുസ്സ് മാത്രമാണ് അന്ന് കണക്കാക്കിയിരുന്നത്. 1895-ല്‍ കമ്മീഷന് ചെയ്ത ഈ അണക്കെട്ടിന്റെ പ്രഖ്യാപിത കാലാവധി 1945ല്‍ തന്നെ കഴിഞ്ഞിരുന്നു. എന്നിട്ടും ഇപ്പോഴും ഈ കരാര്‍ നിലനില്ക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയും നാട്ടുരാജ്യങ്ങളുമായുണ്ടാക്കിയ എല്ലാ കരാറുകളും ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ഇന്‍ഡിപന്‍ഡന്‍സ് ആക്ടിലെ ഏഴാം വകുപ്പു പ്രകാരം റദ്ദാക്കപ്പെട്ടിട്ടും ഈ കരാര്‍ മാത്രം റദ്ദാക്കപ്പെടാതിരുന്നതില് ഏറെ ദുരൂഹതയുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജാവു തന്നെ ഈ കറാര്‍ റദ്ദാക്കിയതായി പറയുന്നുണ്ടെങ്കിലും അതിനു രേഖയുണ്ടോയെന്നാണ് തമിഴ്നാട് കോടതിയില്‍ ചോദിച്ചത്. രാജാവിന്റെ വിളംബരത്തിനു രേഖ വേണ്ടെന്നും അതു രാജശാസനയാണെന്നും കോടതയില്‍ കേരളത്തിനു പറയാമായിരുന്നിട്ടും കേരളം മൗനം പാലിച്ചതെന്തുകൊണ്ടാണെന്ന് ഇന്നും അജ്ഞാതമാണ്.
1886 ഒക്ടോബര്‍ 26-ാം തീയതി തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുന്നാളിന്റെ കാലത്താണ് ബ്രിട്ടീഷ് ഭരണാധികാരികളുമായി ഈ പാട്ടക്കരാറില്‍ ഒപ്പിട്ടത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാരുണ്യത്തില്‍ കഴിഞ്ഞിരുന്ന വിശാഖം തിരുന്നാള്‍ മഹാരാജാവിന് അന്ന് കരാറില്‍ ഒപ്പിടാതെ നിവര്‍ത്തിയില്ലായിരുന്നു. 999 വര്‍ഷത്തേക്കാണ് കരാറില്‍ ഒപ്പിട്ടതെന്നറിഞ്ഞപ്പോള് വേദനയോടെ അദ്ദേഹം പറഞ്ഞത് എന്റെ രക്തം കൊണ്ടാണ് കരാറിനു അനുമതി നല്‍കുന്നതെന്നാണ്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കരാറുകളിലെല്ലാംതന്നെ 99 വര്‍ഷത്തേക്കാണ് ഒപ്പിട്ടിട്ടുള്ളത്.അപ്പോള്‍ മുല്ലപ്പെരിയാറിനു മാത്രം 999 വര്ഷംഎന്നു എഴുതിചേര്‍ത്തത് മനഃപൂര്‍വ്വമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? തിരുവിതാംകൂറിനു വേണ്ടി ദിവാന് വി. രാമയ്യങ്കാറും, ബ്രിട്ടീഷ് അധികാരികള്‍ക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാന്നിങ്ങ്ടണുമായിരുന്നു അന്നു കരാറില്‍ ഒപ്പു വെച്ചത്. തിരുവിതാംകൂറിന്റെ എണ്ണായിരം ഏക്കര്‍ ഭൂപ്രദേശം വെള്ളത്തിനടിയിലാക്കിക്കൊണ്ടാണ് ഈ അണക്കെട്ടിനായി സ്ഥലം വിട്ടു നല്‍കിയതെന്നോര്‍ക്കണം. കൂടാതെ നൂറേക്കര്‍ സ്ഥലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും വിട്ടുകൊടുക്കേണ്ടി വന്നു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലുള്ള ജനങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിനായിട്ടാണ് ഏക്കറിനു അഞ്ചു രൂപ പാട്ടതുക നിശ്ചയിച്ചു നല്‍കിയത്. പിന്നീട് മുല്ലപ്പെരിയാര്‍ പൂര്‍ണ്ണമായും തങ്ങളുടേതാണെന്നവകാശപ്പെട്ടുകൊണ്ട് തമിഴ്നാടിനു കരാറില്‍ നിന്നു വ്യതിചലിച്ച് ജലസേചനത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തു. തിരുവിതാംകൂറിനുവേണ്ടി സര് സി.പി. രാമസ്വാമി അയ്യര്‍ അന്ന് ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോയതിനാല്‍ തര്‍ക്കം രണ്ടംഗ ട്രൈബ്യൂണലിന്റെ പരിഗണനക്ക് വരികയും 1941 മെയ്മാസം 21-ാം തീയതി മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ മാത്രമാണെന്ന് അമ്പയര്‍ വിധിക്കുകയും ചെയ്തു. എന്നിട്ടും പില്ക്കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തങ്ങളുടേതാണെന്നവകാശപ്പെടാന് തമിഴ്നാടിനെ പ്രേരിപ്പിച്ചതെന്നതാണ്? കേരളത്തിനു ഈ പാട്ടക്കരാറിലൂടെ പ്രതിവര്‍ഷം പതിമൂന്ന് ലക്ഷം രൂപ ലഭിക്കുമ്പോള്‍ വൈദ്യുതി, കൃഷി, കുടിവെള്ളം തുടങ്ങിയവയിലൂടെ തമിഴ്നാട് സമ്പാദിക്കുന്നത് 800 കോടിയിലധികം രൂപയാണെന്നോര്‍ക്കണം. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് 2.30 ലക്ഷം ഏക്കര്‍ സ്ഥലത്താണ് തമിഴ്നാട് കൃഷി ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച് നമ്മള് വാതോരാതെ സംസാരിക്കുകയും എന്നാല്‍ തമിഴ്നാട് ആവശ്യപ്പെടുമ്പോഴൊക്കെ കരാര്‍ പുതുക്കിക്കൊടുക്കുകയും ചെയ്യുകയാണ് കേരളത്തിന്റെ രീതി. ഇതിന്റെ കാരണം കേരളത്തിലെ ജനങ്ങളും അറിഞ്ഞിരിക്കേണ്ടതല്ലേ? തമിഴ്നാട് തുടരെ തുടരെ കരാര്‍ലംഘനങ്ങള്‍ നടത്തിയിട്ടും തര്‍ക്കങ്ങളൊന്നുമില്ലാതെ കേരളം കരാര്‍ വീണ്ടും വീണ്ടും പുതുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നു.
ഇന്നു ഡാമിന്റെ അറ്റകുറ്റപണിയുടെ കാര്യത്തിലായാലും സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിലായാലും കേരളത്തിനു വലിയ പങ്കൊന്നുമില്ല. എല്ലാം തമിഴ്നാട്ടുകാരാണ് നിശ്ചയിക്കുന്നതും ചെയ്യുന്നതും. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അവര്‍ വേണ്ടവിധത്തില്‍ പരിഗണിക്കാറുമില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. മുല്ലപ്പെരിയാര്‍ ഡാമിനു എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ സകല നാശനഷ്ടങ്ങളും അനുഭവിക്കേണ്ടി വരുന്ന കേരളത്തിനു അണക്കെട്ടിന്റെ സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ യാതൊരു പങ്കുമില്ല. ഇങ്ങനെയൊരു ദുര്വിധിയുണ്ടാകാനുള്ള കാരണങ്ങളെന്താണ് ? 1964-ല്‍ കേന്ദ്ര ജലകമ്മീഷന് മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയം കണ്ടെത്തുകയും ഡാം അപകടാവസ്ഥയിലാണെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ജലവിതാനം 136 അടിയില്‍ നിന്നും കൂട്ടരുതെന്നും നിലവിലുള്ള ഡാമിനു താഴെ പുതിയ ഡാം നിര്‍മ്മിക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു. അന്നു ചില അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും അണക്കെട്ടു സുരക്ഷിതമല്ലെന്ന് തന്നെയാണ് വിദഗ്ദസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 109 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നപ്പോള് നടത്തിയ പരിശോധനയില്‍പോലും അണക്കെട്ടിന്റെ സ്ഥിതി ആശങ്കാജനകമാണെന്നും വന്‍തോതില്‍ വിള്ളലുകളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെന്നും, റിക്ടര്‍ സ്കെയിലില്‍ ആറു രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ അതു താങ്ങാന്‍ ഈ അണക്കെട്ടിനു കഴിയില്ലെന്നുമാണ് അന്നു ശാസ്ത്രജ്ഞന്മാര് വിലയിരുത്തിയത്.
ഭൂചലന സാധ്യതയെക്കുറിച്ച് പഠനം നടത്തിയ റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ധര്‍ പറഞ്ഞത് ഈ പ്രദേശത്ത് 6.5 റിക്ടര്‍ സ്കെയില്‍ ഭൂചലനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു. ഇത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഭൂചലനമുണ്ടായാലും അണക്കെട്ടു സുരക്ഷിതമായിരിക്കുമെന്ന് കേരളത്തിന്റെ പ്രതിനിധി ഉന്നതാധികാരസമിതിയില്‍ റിപ്പോര്‍ട്ട് നല്കിയെന്നാണറിയുവാന് കഴിഞ്ഞത്. ഇങ്ങനെ ഒരു റിപ്പോര്‍ട്ടു നല്കുവാന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്തായിരിക്കണം? സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗമായിരുന്ന കേരളത്തിന്റെ ഈ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തത് ഇനിയൊരു നൂറുകൊല്ലം കൂടി കഴിഞ്ഞാലും ഈ ഡാമിനു ഒരു പ്രശ്നവും ഉണ്ടാകില്ലെന്നാണത്രേ…..!
ഇങ്ങനെയൊരു റിപ്പോര്‍ട്ടു കൊടുക്കാന്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടയിരുന്നോ ? കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായി അദ്ദേഹം ഇങ്ങനെയൊരു നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയാന്‍ കേരളം തയ്യാറായില്ലെന്നോര്‍ക്കണം. കേരള ഗവണ്മെന്റ് മൗനം അവലംബിച്ചത് ആര്‍ക്കുവേണ്ടിയാണ് ? 1970 മെയ്മാസം 29-ാം തീയതി സംസ്ഥാന ഗവണ്മെന്റ് ഈ കരാര്‍ തമിഴ്നാടിന് വീണ്ടും പുതുക്കി നല്‍കിയതെന്ന് പറയാന്‍ കഴിയുമോ ? അങ്ങനെയല്ലെങ്കില്‍ സംസ്ഥാന താല്‍പ്പര്യം ബലികഴിച്ചു കരാര്‍ പുതുക്കി നല്‍കേണ്ടതിന്റെ ആവശ്യകതയെന്തായിരുന്നു ? ഇതിന്റെയെല്ലാം കാരണങ്ങള്‍ തേടിപ്പോയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. മുല്ലപ്പെരിയാര്‍ ദുരന്തത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാനുമാവില്ല. ഇന്നലെകളില്‍ സംഭവിച്ചതെല്ലാം മറന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാം ഒറ്റക്കെട്ടായി വരാന്‍ പോകുന്ന ഈ മഹാദുരന്തത്തെ ഒഴിവാക്കാനായി ശ്രമിച്ചാല്‍ കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരും. അതിനായി നാം ചെയ്യേണ്ടതു മുല്ലപ്പെരിയാറിന്റെ പേരില്‍ പാരിതോഷികങ്ങള്‍ വാങ്ങി ഒത്താശ ചെയ്തുകൊടുത്തവരുടെ പേരില്‍ ഒരു നടപടിയെടുക്കുകയില്ലെന്നു തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. അങ്ങനെയൊരു തീരുമാനമെടുക്കുവാന്‍ കഴിഞ്ഞാല്‍ തമിഴ്നാടിന്റെ സമ്മര്‍ദ്ദത്തെ ഒന്നിച്ചു നിന്നു ചെറുത്തു തോല്പ്പിക്കുവാന് നമുക്ക് കഴിയും. എങ്കില്‍ മാത്രമെ വരാന്‍ സാധ്യതയുള്ള മഹാദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളു. മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനായി അവര്‍ പാരിതോഷികങ്ങള്‍ നല്കി കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇതില്‍ എല്ലാ രാഷ്ട്രീയപാര്ട്ടികളിലുംപെട്ടവര് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് തമിഴ്നാടിന്റെ ഭീഷണിക്കുമുമ്പില്‍ നമുക്ക് കേരളത്തിന് എപ്പോഴും മുട്ടു മടക്കേണ്ടി വരുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളത്തില്‍ ജനരോഷം മൂര്‍ച്ഛിക്കുമ്പോഴെല്ലാം സമ്മര്‍ദ്ദവും ഭീഷണിയുമാണ് തമിഴ്നാട് രംഗത്ത് വരുന്നതെന്നോര്‍ക്കണം. ഏതാനും വര്ഷങ്ങള്ക്ക്മുന്പ് കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര് ഉള്‍പ്പെടെ പലരും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി ഘോരം ഘോരമായി പ്രസംഗിച്ചപ്പോള്‍ സമ്മര്‍ദ്ദത്തിലായ തമിഴ്നാട് പറഞ്ഞത് ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഞങ്ങളുടെ കയ്യില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങിയവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടി വരുമെന്നാണ്. അതോടുകൂടി പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങുകയുംചെയ്തു. ഇങ്ങനെ ഭീഷണിയിലൂടെയും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയുമാണ് തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തങ്ങളുടേതാണെന്നവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ പേരില്‍ പാരിതോഷികങ്ങള്‍ വാങ്ങിയവര്‍ക്ക് പൊതുമാപ്പു നല്കുകയാണെങ്കില് തമിഴ്നാടിന്റെ ഭീഷണിയില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തി നേടി കൊടിയുടെ നിറം നോക്കാതെ നമുക്കൊന്നിച്ചു നിന്ന് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയും.
കേരളം നേരിട്ട പ്രളയസമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത് ഏകപക്ഷീയമായി തമിഴ്നാടായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോള്‍ വെള്ളം ഘട്ടം ഘട്ടമായി തുറന്നുവിടണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം പരിഗണിക്കാതെ 142അടി വരെ ഉയരുവാന് കാത്തിരിക്കുകയായിരുന്നു അവര്‍. കേരളം വലിയ പ്രളയക്കെടുതിയിലൂടെ കടന്നുപോയപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നുവിട്ട് കേരളത്തെ കൂടുതല്‍ ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഡാമില്‍ വെള്ളം ഉയര്‍ന്നതോടെ രാത്രി 1.30ന് തോന്നുംപടി തുറന്നുവിടുകയായിരുന്നു. അതായത് സ്പീല്‍വേയുടെ 13 ഷട്ടറുകളും ഏഴടി ഉയര്‍ത്തി വെള്ളം തുറന്നുവിട്ടു. ഏഴടിയില്‍ നിന്നും കൂടുതല്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കേരള പോലീസ് വിദഗ്ധമായി ഇടപെട്ടതുകൊണ്ടാണ് അന്ന് അത് തടയാന്‍ കഴിഞ്ഞതും വലിയ ദുരന്തത്തില്‍ നിന്നും കേരളം രക്ഷപ്പെട്ടതും. ഇങ്ങനെ കേരളം ജാഗ്രതയോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഒരു വന്‍ദുരന്തം ഒഴിവായത്. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ഇടുക്കി ഡാമില്‍ എത്തിയതുകൊണ്ടാണ് ചെറുതോണിയിലെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ നിര്‍ബന്ധിതമായത്.
വികസിത രാജ്യങ്ങളില്‍ അണക്കെട്ടുകളിലൊന്നിലും മുഴുവന്‍ സംഭരണശേഷിയില്‍ വെള്ളം നിറുത്താറില്ല. സംഭരണശേഷിയുടെ മുക്കാല്പങ്കുവച്ചു നിയന്ത്രിച്ചു നിറുത്തുകയേയുള്ളു. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുജലനിരപ്പിന്റെ തോതനുസരിച്ചു ഷട്ടറുകള്‍ സ്വയമേവ തുറക്കുകയും ചെയ്യാം. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്നു 152 അടിയിലേക്ക് ഉയര്‍ത്തുമെന്നാണ് തമിഴ്നാട് പറയുന്നത്. നമ്മള് പ്രളയത്തെ നേരിട്ടപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നമ്മുടെ 39 മേജര്‍ അണക്കെട്ടുകളുടെ മൊത്തംസംഭരണശേഷി ഏഴു ട്രില്ല്യന്‍ ലിറ്ററാണെന്നു പറയപ്പെടുന്നു. ഇതിന്റെ ഒരു പങ്കെങ്കിലും ഒഴിഞ്ഞു കിടന്നാലല്ലേ അധികജലത്തെ ശേഖരിച്ചു നിര്‍ത്താന്‍ കഴിയൂ. ഒരു അണയും ശേഷിയുടെ നിശ്ചിത ശതമാനത്തിലധികം നിറുത്തരുത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ഇടുക്കി, ചെറുതോണി, കളമാവ്, മലങ്കര, കല്ലാര്‍കട്ടി, ഭൂതത്താന്‍കെട്ട്, ലോവര്‍ പെരിയാര്‍, ഇടമലയാര്‍ എന്നീ ഒന്‍പത് അണക്കെട്ടുകളാണ് തകരാന്‍ പോകുന്നത്. ഈ അണക്കെട്ടുകളെല്ലാം തകര്‍ന്നാല്‍ ആറ്റംബോംബിനേക്കാള്‍ 240 മടങ്ങ് ശക്തിയില്‍ വെള്ളം കുതിച്ചെത്തും. അന്‍പത് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും മാത്രമല്ല, ഒരുപക്ഷേ കേരളമൊട്ടാകെ അറബിക്കടലിലേക്ക് ഒലിച്ചുപോകുന്ന മഹാദുരന്തമായി അതു മാറിയെന്നു വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടേയെന്നു നമുക്ക് ആശിക്കാം.