ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വസതി ഇന്ന് മുതിര്‍ന്ന ഇടത് നേതാക്കള്‍ സന്ദര്‍ശിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരടങ്ങിയ ഇടത് സംഘമാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുക.
സി പി എം യു പി സംസ്ഥാന സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകും. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
സെപ്റ്റംബര്‍ 14നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.