നവിമുംബൈ: മുംബൈയില്‍ മലയാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍, ഇദ്ദേഹം കടലില്‍ ചാടിയതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സീവുഡ്സ് സെക്ടര്‍ ന്യൂ50ല്‍ ശിവശ്രേയസ്സ് ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുകയായിരുന്ന കെ.എന്‍. ബിനോയ് (49) ആണ് നവസേവ ജട്ടിക്ക് സമീപം കടലില്‍ മുങ്ങി മരിച്ചത്.
തലശ്ശേരി സ്വദേശിയായ ഇദ്ദേഹം സഹര്‍ വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ കസ്റ്റംസ് സൂപ്രണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരവരെ ഓഫീസിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാര്‍, നവസേവ ജട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഇദ്ദേഹം കടലിലേക്ക് ചാടിയത് കണ്ട് രക്ഷിക്കാനായി ടയര്‍ ട്യൂബും കയറും ഇട്ടു കൊടുത്തെങ്കിലും ഇദ്ദേഹം അതിലൊന്നും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൃതദേഹം ഉറാന് സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സീ വുഡ്സില്‍ ഞായറാഴ്ച സംസ്കരിച്ചു. ഭാര്യ: രാഖി, മകന്: പ്രണവ്.