• അലൻ ചെന്നിത്തല

ഡിട്രോയിറ്റ്: മിഷിഗണിലെ ലിവോണിയ സിറ്റിയിലെ ബ്ലെസ്സഡ് വിർജിൻ മേരി ഫെലീഷ്യൻ കോൺവെന്റിൽ കോവിഡ് ബാധിച്ച് 7 കന്യാസ്‌ത്രീകൾ മരിച്ചു. ഇവിടെ 4 കന്യാസ്‌ത്രീകൾ കൂടി മറ്റ് അസുഖങ്ങൾ കാരണം മരിച്ചിരുന്നു അങ്ങനെ ഒരേ കോൺവെന്റിൽ പതിനൊന്നു കന്യാസ്‌ത്രീകൾക്കാണ് ജീവൻ നഷ്ടമായത്. ലിവോണിയ കോൺവെന്റിൽ 56 കന്യാസ്‌ത്രീകളെയാണ് പാർപ്പിച്ചിരുന്നത്. 94000-ളം റെസിഡന്റ്സ് ഉള്ള മിഷിഗണിലെ ലിവോണിയ സിറ്റിയിൽ 129 പേർ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചു.

മിഷിഗണിലെ വെയ്ൻ കൗണ്ടി കണക്കുപ്രകരം ഡിട്രോയിറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ലിവോണിയ സിറ്റിയിലാണ്. കൂടൂതൽ സീനിയർ ആളുകൾ പാർക്കുന്നതും ഒപ്പം നഴ്‌സിങ് ഹോമുകൾ ധാരാളം ഉള്ളതുമാണ് മരണ നിരക്ക് കൂടുവാൻ കാരണമെന്ന് ലിവോണിയ മേയർ മൊറീൻ മില്ലർ ബ്രോസ്നൻ പറഞ്ഞു. അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് മൂലം മരിച്ച സിറ്റികളിൽ ഒന്നാണ് മിഷിഗണിലെ ഡിട്രോയിറ്റ്. പതിറ്റാണ്ടുകളായി ലിവോണിയ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫെലീഷ്യൻ സിസ്റ്റേഴ്സ് നിരവധി സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിച്ചു. സെന്റ് മേരി മേഴ്‌സി ഹോസ്പിറ്റൽ, മഡോണ യൂണിവേഴ്സിറ്റി, എൻജെല ഹോസ്പിസ്, മേരിവുഡ് നഴ്സിംഗ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളോടൊപ്പം നിരവധി മെഡിക്കൽ സെന്റർ പ്രായമായവർക്കുള്ള നഴ്‌സിങ് സെന്ററുകൾ എന്നിവയും ഫെലീഷ്യൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഈ മഹാമാരിയുടെ കാലത്തു മരണപ്പെട്ട സിസ്റ്റർ വിക്ടോറിയ മേരി ഇൻഡിക് (69), സിസ്റ്റർ മേരി ലൂയിസ വാവരസയണിൿ (99), സിസ്റ്റർ സെലിൻ മേരി ലെസിൻസ്കി (92), സിസ്റ്റർ മേരി ഈസ്റ്റല്ലേ പ്രിന്റ്സ് (95), തോമസ് മേരി വഡോസ്‌കി (73), സിസ്റ്റർ മേരി പട്രീഷ്യ പയസ്സ്‌യാൻസ്കി (93), സിസ്റ്റർ മേരി ക്ലാരൻസ് ബോർക്കോസ്‌കി (83), സിസ്റ്റർ റോസ് മേരി വോളക്(86), സിസ്റ്റർ മേരി ജാനിസ് സോൽകൗസ്‌കി (86), സിസ്റ്റർ മേരി ആലിസ് ആൻ ഗ്രാഡോസ്‌കി (73), സിസ്റ്റർ മേരി മാർട്ടിനെസ് റോസിക് (87) എന്നിവരുടെ വേർപാടിൽ കോൺവെന്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇവർ സമൂഹത്തിനു ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.