മിഷിഗണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നായി മിഷിഗണ്‍ മാറുകയും ഗ്രീന്‍ സോണില്‍ സ്ഥാനം നേടുകയും ചെയ്‌തു.
കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ ലോക്ക് ഡോണ്‍ നിലപാടുകള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തതിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മിഷിഗണ്‍ മേയര്‍ വിറ്റ്മറിനു അഭിമാനിക്കാവുന്ന നേട്ടമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കി ഗ്രീന്‍ സോണില്‍ എത്തുവാന്‍ സാധിച്ചത്.
ജനങ്ങളുടെ ജീവനാണ് പ്രധാനം എന്നും അത് പരിരക്ഷിക്കേണ്ട ചുമതലയാണ് ഒരു ഭരണാധികാരിയുടെ കടമയെന്നും തെളിയിച്ചു കൊണ്ട് മേയര്‍ വിറ്റ്മര്‍ മാതൃകയാകുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരും സാമൂഹ്യ പരിരക്ഷ പ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ മിഷിഗണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയത്. സേഫ് സ്റ്റാര്‍ട്ട് പ്ലാന്‍ പ്രകാരം മിഷിഗണ്‍ സംസ്ഥാനത്തെ എട്ടു റീജണുകളായി തിരിച്ചിരുന്നു അതില്‍ രണ്ടു റീജണുകള്‍ ഫേസ് അഞ്ചിലും ആറു റീജണുകള്‍ ഫേസ് നാലിലും എത്തിയിട്ടുണ്ട്. ഇപ്പോള്‍ മിഷിഗണില്‍ കോവിഡ് കേസുകള്‍ വളരെ കുറയുകയും മറ്റുള്ളവരിലേക്കുള്ള വ്യാപനം .82 എന്ന തോതില്‍ താഴുകയും ചെയ്തിട്ടുണ്ട്. ഈ നിലയില്‍ മുമ്ബോട്ടു പോയാല്‍ സ്കൂളുകള്‍ ഫാള്‍ സീസണോടുകൂടി തുറക്കുവാന്‍ സാധിക്കുമെന്ന് മേയര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മിഷിഗണില്‍ ഇപ്പോഴും കോവിഡ് വൈറസ് നിലനില്‍ക്കുന്നുണ്ടെന്നും ജാഗ്രത കൈവെടിയാതെ സാമൂഹ്യ അകലം പാലിച്ചും മറ്റു പരിരക്ഷ നടപടികള്‍ തുടരുകയും ചെയ്തില്ലെങ്കില്‍ വീണ്ടും വ്യാപനത്തിന് ഇടയാകുമെന്നും മേയര്‍ ഓര്‍മിപ്പിച്ചു. വളരെ ജാഗ്രതയോടുകൂടി മാത്രമേ പൂര്‍ണമായും ലോക്ക് ഡൗണ്‍ എടുത്തുമാറ്റുവാന്‍ സാധിക്കുകയുള്ളു, അല്ലാത്തപക്ഷം ആശുപത്രികള്‍ വീണ്ടും നിറഞ്ഞുകവിയുന്ന അവസ്ഥയില്‍ എത്തിച്ചേരും. ഇപ്രകാരം കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് മിഷിഗണ്‍ നിവാസികള്‍ ആത്മാര്‍ഥതയോടും ജാഗ്രതയോടുംകൂടി നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചതിന്‍റെ പ്രതിഫലനമാണന്നും ഈ പ്രവര്‍ത്തനത്തില്‍ ഒപ്പം നിന്ന ജനങ്ങളോടൊപ്പം എന്നും താനുണ്ടാകുമെന്നും മേയര്‍ വിറ്റ്മര്‍ പറഞ്ഞു. കോവിഡ് പൂര്‍ണമായും തുടച്ചുനീക്കുവാന്‍ നമുക്ക് ഒന്നിച്ചു തുടര്‍ന്നും പോരാടാമെന്നും നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും മേയര്‍ പ്രത്യാശ പ്രകടിപ്പിച്ചു.