മിഷിഗണ്‍: ഷോപ്പിംഗിനെത്തിയ നാല്‍വര്‍ സംഘത്തില്‍ മാസ്ക്ക് ധരിക്കാതിരുന്ന കുട്ടിയെ അകത്തു പ്രവേശിപ്പിക്കാഞ്ഞതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്റ്റോറിലെ സെക്യൂരിറ്റി ഗാര്‍ഡ് വെടിയേറ്റു മരിച്ചു. ഇതുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.

മിഷിഗണ്‍ ഫ്‌ലിന്‍റിലാണ് സംഭവം. മേയ് ഒന്നിന് ഫ്‌ലിന്‍റ് സൗത്ത് ടൗണിലുള്ള ഫാമിലി ഡോളറില്‍ ഷോപ്പിംഗിനാണ് മാതാപിതാക്കളോടും മുതിര്‍ന്ന സഹോദരനോടും ഒപ്പം കുട്ടിയും എത്തിയത്. ലാറി ടീഗ് (44) ഭാര്യ ഷര്‍മില്‍ ടീഗ് (45) മകന്‍ റമോണിയ ബിഷപ്പ് (22) എന്നിവര്‍ മാസ്ക്ക് ധരിച്ചിരുന്നുവെങ്കിലും ഇവരോടൊപ്പം ഉണ്ടായിരുന്ന കുട്ടി മാസ്ക്ക് ധരിച്ചിരുന്നില്ല. മാസ്ക്ക് ധരിക്കാതെ കുട്ടിയെ അകത്തു പ്രവേശിപ്പിക്കുകയില്ലെന്ന് സെക്യൂരിറ്റി ഗാര്‍ഡ് ശഠിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് റമോണിയ സെക്യൂരിറ്റി ഗാര്‍ഡ് കാല്‍വിന്‍ മുനെര്‍ലിനെതിരെ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിയേറ്റ കാല്‍വിന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. തലക്കു പുറകിലാണ് വെടിയേറ്റത്.

സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുത്തിട്ടുണ്ടെങ്കിലും ഷര്‍മില്‍ ടീഗിനെ മാത്രമേ അറസ്റ്റു ചെയ്തിട്ടുള്ളൂ. ഇവരുടെ ഭര്‍ത്താവും മകനും ഒളിവിലാണ്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കാല്‍വിന്‍റെ മരണത്തില്‍ മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ അനുശോചിച്ചു.