മിലാന്: വടക്കേ ഇറ്റലിയിലെ നൊവാറ രൂപതയുടെ അധ്യക്ഷനും ധ്യാനഗുരുവുമായിരിന്ന കര്‍ദ്ദിനാള്‍ റെനാത്തൊ കോര്ത്തി മിലാനില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 84-മത്തെ വയസിലാണ് കര്‍ദ്ദിനാള്‍ വിടവാങ്ങിയത്. നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു. നൊവാറ രൂപതയുടെ ഇപ്പോഴത്തെ മെത്രാന്, ബിഷപ്പ് ഫ്രാങ്കോ ജൂലിയോ ബ്രംബീലയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചിരിക്കുന്നത്. വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും, സഭയുടെ പൊതുവായ ആവശ്യങ്ങളിലും ഇടപെട്ട അദ്ദേഹം സഭയുടെ ആര്‍ദ്രതയുള്ള അജപാലകനായിരിന്നുവെന്നു പാപ്പ സ്മരിച്ചു.
1936-ല്‍ വടക്കെ ഇറ്റലിയിലെ കോമോയില്‍ ജനിച്ച കര്‍ദ്ദിനാള്‍ റെനാത്തൊ 1959-ല്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു.10 വര്‍ഷങ്ങള്‍ക്ക് ശേഷം 1969-ല്‍ സ്വന്തം രൂപതയിലെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കെ മിലാനിലെ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. 1980 മിലാന് രൂപതയുടെ വികാരി ജനറലും സഹായമെത്രാനുമായി നിയമിക്കപ്പെട്ടു. 1990 നൊവാറ രൂപതയുടെ മെത്രാനായി നിയുക്തനായി. 10 വര്‍ഷക്കാലം ഇറ്റലിയുടെ ദേശീയ മെത്രാന് സമിതിയുടെ വൈസ് പ്രസിഡന്റായിരിന്ന അദ്ദേഹം റോമന്‍ കൂരിയയുടെ തപസ്സുകാല ധ്യാനപ്രഭാഷകനായും സേവനം ചെയ്തിട്ടുണ്ട്. 2016 ഫ്രാന്‍സിസ് പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.