ഷാജീ രാമപുരം
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കൺവെൻഷനും, അസംബ്ലി അംഗങ്ങളുടെ ജനറൽ ബോഡിയും നാളെ (ശനി) അറ്റ്ലാന്റയിലുള്ള കർമ്മേൽ മാർത്തോമ്മ സെന്ററിൽ വെച്ച് (6015, Old Stone Mountain Road, GA 30087) നടത്തപ്പെടും.
ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്നും 2020 – 2023 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി അംഗങ്ങളുടെ ജനറൽബോഡി മീറ്റിംഗ് നടക്കും. വാർഷിക റിപ്പോർട്ട് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുളയും, വരവ് ചിലവ് കണക്കുകളും, ബഡ്ജറ്റും ഭദ്രാസന ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎയും അവതരിപ്പിക്കും.
2020 – 2023 വർഷത്തേക്കുള്ള പുതിയ ഭദ്രാസന സെക്രട്ടറി, ട്രഷറാർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവരെ പ്രഖ്യാപിക്കും. കോവിഡ് പ്രതിസന്ധി മൂലം ഈ തവണ പോസ്റ്റൽ ബാലറ്റിലൂടെ ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. ബാലറ്റുകൾ എണ്ണുന്നത് നാളെ നടക്കുന്ന മീറ്റിംഗിൽ വെച്ചാണ്. പ്രതിനിധികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെയും പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ചുമതലക്കാർ അറിയിച്ചു.
ന്യുയോർക്ക് സമയം ശനിയാഴ്ച്ച (നാളെ) വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന കൺവെൻഷനിൽ പ്രിൻസ്ടൺ സെമിനാരിയിലെ അധ്യാപകനായ റവ.ഡോ.ക്ലിയോഫസ് ജെ.ലാറോ മുഖ്യ സന്ദേശം നൽകും. ഞായറാഴ്ച രാവിലെ 9 മണിക്ക് ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ശുശ്രുഷയും തുടർന്ന് 10.30 ന് കോട്ടയം ജെറുശലേം മാർത്തോമ്മ ഇടവക വികാരി റവ.കെ.വൈ ജേക്കബ് സമാപന സന്ദേശവും നൽകും.
ശനി ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനിലും, ആരാധനയിലും തത്സമയം www.youtube.com/ marthoma media എന്ന വെബ് സൈറ്റിലൂടെ ഏവർക്കും പങ്കെടുക്കാവുന്നതാണന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.