തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശം പ്രാബല്യത്തിലുള്ളതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഷോപ്പിങ് കോംപ്ലക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് കടയുടമകളും തദ്ദേശ സ്ഥാപനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി തുറക്കാന്‍ അനുവദിക്കും. ഹെയര്‍ കട്ടിങ്, ഷേവിങ് ജോലികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാം. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കുന്ന സംവിധാനം പ്രോല്‍സാഹിപ്പിക്കണം.

റസ്‌റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. ഓണ്‍ലൈന്‍ ഹോം ഡെലിവിറി പത്തുമണി വരെ അനുവദിക്കും.

ബിവറേജസ് ഓട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് തുറക്കാം. ബാറുകള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. പരമാവധി ടെലിഫോണ്‍ ബുക്കിങോ മറ്റു മാര്‍ഗങ്ങളോ സ്വീകരിക്കണം. അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം ക്ലബ്ബുകളില്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.