കോഴിക്കോട്: മാലദ്വീപില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ എത്തിയ പ്രവാസികളെ സ്വീകരിക്കുന്ന കാര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നു നോഡല്‍ ഓഫീസറായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു അറിയിച്ചു. ഇന്ന്‌ പുലര്‍ച്ചെ 3.30 ഓടു കൂടിയാണ് മാലദ്വീപില്‍ നിന്നുള്ള പ്രവാസികളെ കയറ്റിയ ബസ്സ് NIT ഐസൊലേഷന്‍ കേന്ദ്രത്തില്‍ എത്തുന്നത്. കോഴിക്കോട് ജില്ലക്കാരായ 4 പേരെ അപ്പോള്‍ തന്നെ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ജില്ലക്കാരായ പ്രവാസികളെക്കൂടി കോഴിക്കോട് ജില്ലയില്‍ താമസിപ്പിക്കണം എന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. അതത് ജില്ലകളില്‍ യാത്രക്കാരെ എത്തിക്കുന്നതിന് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയിപ്പ് കിട്ടിയിട്ടുള്ളത്.

അതേസമയം, കോവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്പീച്ച്‌ തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി സെന്ററുകളും ഏര്‍ലി ഇന്റര്‍വെന്‍ഷനല്‍ സെന്ററുകള്‍, ഡിസെബിലിറ്റി മാനേജ്മെന്റ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.