- തേക്കിന്‍കാട് ജോസഫ്
‘മാതാപിതാക്കളും മക്കളും അറിയാന്‍’ എന്ന വിശിഷ്ടഗ്രന്ഥം അതിന്റെ ശീര്‍ഷകം കൊണ്ടുതന്നെ അര്‍ത്ഥവത്താണ്. ദൈവശാസ്ത്രപണ്ഡിതനായ റവ.ഡോ.തോമസ് കുഴിനാപ്പുറത്തച്ചന്‍ തന്റെ ആഴമേറിയ പഠനത്തിന്റെയും മനനം ചെയ്ത ചിന്താധാരയുടെയും വിളഭൂമിയില്‍ നിന്നും ശേഖരിച്ച മണിമുത്തുകളാണ് ഈ ഗ്രന്ഥത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.
ഗ്രന്ഥകാരന് മുഖമൊഴിയില്‍ സൂചിപ്പിക്കുന്നതുപോലെ കുടുംബങ്ങളുടെ
നന്മയ്ക്കുവേണ്ടി, കുട്ടികളുടെ നന്മയ്ക്കുവേണ്ടി, ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളതയ്ക്കായി, കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി, വയോജനങ്ങളുടെ സംരക്ഷണത്തിനായി അതതു മേഖലകളില്‍ പാണ്ഡിത്യവും ഗവേഷണചാതുര്യവും
നിറഞ്ഞ വിദഗ്ധരായ സവിശേഷവ്യക്തിത്വങ്ങളാണ് പഠനങ്ങള്‍ തയ്യാറാക്കിയി
ട്ടുള്ളത്.
മലങ്കര സഭാമേലധ്യക്ഷന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസ്സേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവ അനുഗ്രഹാശംസയില് സൂചിപ്പിക്കുന്നതുപോലെ
‘മനുഷ്യജീവന്റെ മൂല്യം, ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ ജീവിത
ദശകള്‍, അവയിലൂടെ ഓരോരുത്തരും അതിജീവിക്കേണ്ട വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചൊക്കെ ആധികാരികമായി പഠിപ്പിക്കുന്ന ഈ ഗ്രന്ഥം കുടുംബങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരിക്കും’ എന്ന പ്രസ്താവന ഏറെ അര്‍ത്ഥവത്താണ്. കുടുംബവുമായി ബന്ധപ്പെട്ട 17 വിഷയങ്ങളാണ് ബഹുമാനപ്പെട്ട ഡോ.തോമസ് കുഴിനാപ്പുറത്തച്ചന്‍ തെരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് ഈ ലേഖന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ കുടുംബം : യാഥാര്‍ത്ഥ്യങ്ങളും വെല്ലുവിളികളും,
മനുഷ്യജീവനുവേണ്ടി ഒരു ധര്‍മ സമരം, പാളം തെറ്റുന്ന കൗമാരം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സ്വഭാവവും പ്രസ്കതിയും, ആത്മവിശ്വാസം, കഠിനാധ്വാനം, ലക്ഷ്യബോധം കുട്ടികളില്‍, എന്നീ മുഖ്യധാരാവിഷയങ്ങള് റവ. ഡോ. കുഴിനാപ്പുറത്തച്ചന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്.
കുട്ടികളുടെ വളര്‍ച്ചയും ശിക്ഷണവും: മാതാപിതാക്കളുടെ പങ്ക്, കൗമാരവും യുവത്വവും: വെല്ലുവിളികളും സാധ്യതകളും, വായന കുടുംബങ്ങളില്‍ എന്നീ സുപ്രധാന വിഷയങ്ങള്‍ പരിണിത പ്രജ്ഞനായ ഡോ. എം. വി. തോമസ് ആണ് ഗവേഷണ മനനങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്തീയ ഭവനം: ഒരു ആധ്യാത്മിക വിചിന്തനം (ഡോ. വര്‍ഗ്ഗീസ് മാത്യു പഴമാലില്‍) കുട്ടികളെ കലാലയങ്ങളിലേക്ക് അയയ്ക്കുമ്പോള്‍ (ഓമന സതീഷ്), വിദ്യാഭ്യാസം – ഇന്നത്തെ കുടുംബ കലാലയ പശ്ചാത്തലത്തില്‍ (ഡോ. ആന്‍സി ജയരാജ്), കുടുംബങ്ങളില്‍ വളരേണ്ട മാധ്യമ സംസ്കാരം (ഡോ. ജിബി വര്‍ഗീസ് തോക്കാട്ട്), ദൈവവിളി ക്രിസ്തീയ ഭവനങ്ങളില്‍ (ഫാ. അനുജോസ്, കുന്നില്‍), കുടുംബ മനഃശാസ്ത്രം
(കസ്തൂരി എസ്. എന്‍) തുടങ്ങിയ പ്രസക്ത വിഷയങ്ങള്‍ അതതു മേഖലകളില്‍ അവഗാഹമുള്ള എഴുത്തുകാരാണ് രചിച്ചിട്ടുള്ളത്.
ആഴമേറിയ പഠനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, മൂല്യാധിഷ്ഠിതമായ നിഗമനങ്ങള്‍ സുദൃഢവും ഈശ്വര വിശ്വാസത്തിലധിഷ്ഠിതമായ ജീവിതസരണികള്‍ കണ്ടെത്താനുള്ള വഴികള്‍ തുടങ്ങി മൂല്യങ്ങളെ വിലമതിക്കുന്ന കുടുംബജീവിതത്തിനുതകുന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നാം കണ്ടെത്തുക. കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവയുടെ അനുഗ്രഹാശംസയ്ക്കു പുറമെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയര്മാന് ജസ്റ്റീസ് ജെ. ബി കോശിയുടെ അവതാ
രിക, ഡോ.ജയിംസ് വടക്കുംചേരിയുടെ ആമുഖ പഠനം എന്നിവയും ഈ പുസ്തകത്തിനു പരഭാഗശോഭ നല്കുന്നു.
ക്ലീമീസ് കാതോലിക്കാബാവ ചൂണ്ടിക്കാണിക്കുന്നതുപോലെ, മനുഷ്യജീവന്റെ
മൂല്യം, കുടുംബബന്ധങ്ങള്‍, ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ അതിജീവിക്കേണ്ട വെല്ലുവിളികള്‍ ഇവയെക്കുറിച്ചൊക്കെ ആധികാരികമായി പഠിപ്പിക്കുന്ന ഒരു വിശിഷ്ട രചനയാണ് റവ. ഡോ. തോമസ് കുഴിനാപ്പുറത്തച്ചന്റെ മാതാപിതാക്കളും മക്കളും അറിയാന്‍ എന്ന പുതിയ പുസ്തകം. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ദി കമ്മീഷന് ഫോര്‍ തിയോളജി ആന്‍ഡ് പബ്ലിക്കേഷന്‍ ആണ് ഈ
ഗ്രന്ഥത്തിന്റെ പ്രസാധകര്.
എഡിറ്റര്‍ : റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്