മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ മറ്റൊരു ഭീതിയില്‍. കോംഗോ പനി പടരാനുളള സാധ്യത ഉണ്ടെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പാല്‍ഘര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

ചെളളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. അതിനാല്‍ കന്നുകാലികളെ പോറ്റുന്നവര്‍, ഇറച്ചി വില്‍പ്പനക്കാര്‍, മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ഫലപ്രദമായ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ കോവിഡ് വ്യാപനത്തിന്റെ ദുരിതത്തിലാണ് മഹാരാഷ്ട്ര. രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. അതിനിടെയാണ് കോംഗോ പനിയും ഭീതിയിലാക്കുന്നത്. ഗുജറാത്തിലെ ചില ജില്ലകളില്‍ കോംഗോ പനി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലേക്ക് കൂടി പടരാന്‍ സാധ്യതയുണ്ടെന്ന് പാല്‍ഘര്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ഗുജറാത്തിലെ വല്‍സാദുമായി അടുത്തു കിടക്കുന്ന ജില്ലയാണ് പാല്‍ഘര്‍. ചെളളുകളിലൂടെ ഒരു മൃഗത്തില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പകരാം. അണുബാധയേറ്റ മൃഗങ്ങളുടെ രക്തത്തിലൂടെയും ഇറച്ചിയിലൂടെയും മനുഷ്യരിലേക്കും രോഗം പകരാം. യഥാസമയം ചികിത്സ തേടിയില്ലായെങ്കില്‍ 30 ശതമാനം രോഗികള്‍ക്ക് വരെ മരണം സംഭവിക്കാമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ പ്രശാന്ത് ഡി കംബ്ല മുന്നറിയിപ്പ് നല്‍കുന്നു.