മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിതീവ്രനിലയില്‍ തുടരുന്നു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 20,000-ലേക്ക് അടുക്കുകയാണ്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 12,000 കടന്നു. രോഗവ്യാപനം തടയാനായില്ലെങ്കിലും തോത് കുറയ്ക്കാനായെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. രണ്ടു ലക്ഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണത്തിലെ വര്‍ധനവിനൊപ്പം പരിശോധനകളുടെ എണ്ണക്കൂടുതലും പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരണ നിരക്ക് കഴിഞ്ഞ മാസം ഇതേ സമയം 7.21 ആയിരുന്നു. അത് 3.86-ലേക്ക് താഴ്ന്നിട്ടുമുണ്ട്. ഇത് നേട്ടമായി കാണാമെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
രോഗികളില്‍ ഭൂരിഭാഗവുമുള്ള മുംബൈ നഗരത്തെ ഏഴ് സോണുകളാക്കി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുംബൈ കോര്‍പ്പറേഷന്‍ കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദവുമായി. പ്രവീണ്‍ പര്‍ദേശിയെ നഗരവികസന വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയാണ് സ്ഥലം മാറ്റിയത്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ആശങ്കപ്രകടിപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നടപടി.
അതിനിടെ റെഡ്സോണായ മുംബൈയില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ആദ്യത്തെ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തി. 1140 തൊഴിലാളികളുമായി കുര്‍ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബസ്തിയിലേക്കാണ് ട്രെയിന്‍ യാത്രയായത്. ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ച 72 തടവ് പുള്ളികളെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലാക്കാതെ ചെമ്ബൂരിലെ ഒരു കെട്ടിടത്തില്‍ ഐസൊലേറ്റ് ചെയ്തു.
ജയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ ക്വാറന്‍റീനില്‍ പോയി. മുംബൈ സയന്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യാതെ രോഗികള്‍ക്കൊപ്പം കിടത്തിയ സംഭവത്തില്‍ ആശുപത്രി ഡീനിനെ മാറ്റി. അതിനിടെ മുംബൈയിലെ നായര്‍ ആശുപത്രിയില്‍ കൊവിഡ് രോഗിയായ ഗര്‍ഭിണി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങള്‍ക്ക് കൊവിഡില്ല.