ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം ലോകമാകെയുള്ള പ്രകൃതിയുടെ നാശത്തെ തുടര്‍ന്ന് നാം അനുഭവിക്കുന്ന ഒന്നാണ്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുമലകള്‍ ഉരുകി തീരുന്നതും നിരന്തരം ചുഴലികള്‍ ഉണ്ടാകുന്നതും മഴപെയ്യാത്ത മരുഭൂമിയില്‍ റെക്കോര്‍ഡ് മഴ പെയ്യുന്നതുമെല്ലാം അതിന്റെ അനന്തര ഫലങ്ങള്‍ തന്നെ. പ്രകൃതിക്ക് ദുരിതമേകുന്ന ഹരിത വാതകപ്രവാഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിത ഫലങ്ങള്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഒരു പഠനറിപ്പോര്‍ട്ട്.

കടുത്ത ഉഷ്ണ തരംഗവും മഴക്കാലത്ത് മഹാ പ്രളയങ്ങളും ഉണ്ടാകും. വരുന്ന എണ്‍പത് വര്‍ഷങ്ങളിലാകും ഇവ കാണേണ്ടി വരിക. സൗദിയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍. മന്‍സൂര്‍ അല്‍മസ്റൂയിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട്.

‘ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ഭാഗങ്ങളിലൊന്നാണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കുറഞ്ഞ പ്രതിരോധവും അതിന്റെ ദോഷമുണ്ടാവാന്‍ കൂടുതല്‍ സാധ്യതയും ഇവിടെയാണ്. ഇന്ത്യയുടെ വലിയൊരു ശതമാനം ജനസംഖ്യയും സമ്ബദ്ഘടനയും ആവാസ വ്യവസ്ഥയും കാലാവസ്ഥാ വ്യതിയാന ഫലങ്ങള്‍ അതീവ ഗുരുതരമായി ബാധിക്കാവുന്ന തരത്തിലാണ്.’ പ്രൊഫസര്‍.മന്‍സൂര്‍ പറയുന്നു.

‘എര്‍ത്ത് സിസ്റ്രംസ് ആന്റ് എന്‍വയോണ്‍മെന്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കുന്ന അതീവഗുരുതര മേഖലകളിലാണ് വരിക. കാരക്കോണം, ഹിമാലയം മല നിരകള്‍ കടന്നുവരുന്ന ഇവിടങ്ങളില്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ഹരിതവാതക പ്രവാഹത്താല്‍ വ്യതിയാനം വരാം.

ചൂടേറുമ്ബോള്‍ ഹിമ മലകള്‍ ഉരുകുന്നതും തുടര്‍ന്ന് വെള്ളപ്പൊക്കവും മൂലം ഇവയ്ക്ക് താഴെയുള്ള കൃഷിനാശവും ആവാസ വ്യവസ്ഥയും മനുഷ്യ ജീവനും ആപത്തുണ്ടാകും. ഗംഗാനദി തടങ്ങളില്‍ ജലസേചനം ചെയ്യുന്ന സ്ഥലങ്ങളില്‍ 1മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസ് വ്യത്യാസം കാലാവസ്ഥയില്‍ ഉണ്ടാകും. ഇത് അവിടങ്ങളില്‍ ഉപജീവനത്തിനും കാര്‍ഷിക വൃത്തിക്കും ദോഷം ചെയ്യും. ശീതകാലത്ത് 4.7 ഡിഗ്രി വരെ തണുപ്പ് വര്‍ദ്ധിക്കാനും ഉഷ്ണകാലത്ത് 3.6 ഡിഗ്രി വരെ ചൂട് കൂടാനും ഇടയുണ്ട്.

വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍ ഇവിടങ്ങളില്‍ മഴ വര്‍ദ്ധിക്കുകയും മറ്റ് കാലങ്ങളില്‍ അതാത് കാലാവസ്ഥ പ്രതിഭാസങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ അനുഭവപ്പെടുകയും ചെയ്യും. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ശരാശരിയായി ലഭിക്കുന്ന വേനല്‍മഴ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വര്‍ദ്ധിക്കും. ശക്തമായ വേനല്‍മഴയും മഞ്ഞുമലകള്‍ ഉരുകുന്നതും വേനലിലും കനത്ത പ്രളയം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.