വീണ്ടും ഒരു മഴക്കാലം എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ കൊറോണ എന്ന വൈറസിനെ നേരിടുമ്ബോള്‍ നമ്മുടെ നാടും ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. മഴക്കാലം എത്തുന്നതോടെ കൂടുതല്‍ ശ്രദ്ധ നമുക്ക് ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയം നമുക്ക് മുന്നിലുണ്ട്. അത് മുന്നില്‍ കണ്ടും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശ്രദ്ധിച്ചുമാണ് നാം ഈ മഴക്കാലത്തെ നേരിടേണ്ടത്.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് മഴക്കാല രോഗങ്ങള്‍. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്ബ് കൈ നന്നായി കഴുകണം. ഭക്ഷണങ്ങള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിധ്യം പെരുകാനുള്ള മലിനമായ സാഹചര്യങ്ങളും ഒഴിവാക്കുക.

തെരുവോരങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സൂക്ഷിക്കേണ്ടതാണ്. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മഴക്കാല രോഗങ്ങളെല്ലാം തന്നെ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ്.

മഴക്കാലത്ത് പ്രധാനമായും പടര്‍ന്നു പിടിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇവയുടെ ലക്ഷണങ്ങള്‍ താഴെ പറയുന്നു:

ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് ഇവിടെ പ്രധാന വില്ലന്‍. പനി , ശരീരത്തിലെ നിറമാറ്റം, ശരീരവേദന, രക്തത്തിലെ പ്‌ളേറ്റ് ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മലമ്ബനി: അനോഫിലസ് കൊതുകുകളാണ് മലമ്ബനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 7 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടിത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.

മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇത് പകരുന്നത്. കണ്ണിനു മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍.

ചിക്കുന്‍ ഗുനിയ: ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ചിക്കുന്‍ഗുനിയ രോഗികളെ കണ്ടെത്താറുള്ളത്. സന്ധികളിലെ നീര്, വേദന എന്നിവ ഇത് ഉണ്ടാക്കാറുണ്ട്.

കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം , ഛര്‍ദ്ദി, ചര്‍മത്തിന് തണുപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

മന്തുരോഗം: മാന്‍സോണിയ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. മന്ത് രോഗത്തില്‍ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവുകയും കെട്ടികിടക്കുകയും ചെയ്യും. ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്.

വൈറല്‍ പനി: എളുപ്പം പടര്‍ന്നു പിടിക്കുന്ന പനിയാണിത്. ശരീര വേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷങ്ങള്‍.

ടൈഫോയ്ഡ്: രോഗികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുന്നതിലൂടെയും, തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താതിരിക്കുന്നതിലൂടെയും പരിപൂര്‍ണ്ണ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലിക്കുന്നതിലൂടെയും ഏറെക്കുറേ ഈ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. കുടാതെ ഭക്ഷണ സാധനങ്ങള്‍ കഴുകി ഉപയോഗിക്കുന്നതിലൂടെയും അടച്ചുവെച്ചും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരുന്നുമൊക്കെ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ഇവയ്ക്കു പുറമെ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും രോഗത്തെ തടുക്കാന്‍ മുന്‍കരുതലായി സ്വീകരിക്കാവുന്നതാണ്.