കൊച്ചി: മലയാറ്റൂർ സ്ഫോടന കേസിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രാ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. മലയാറ്റൂർ നീലിശ്വരം സ്വദേശിയാണ് ബെന്നി.
ഓഫീസിലും ബന്ധുവീട്ടിലുമൊക്കെ ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായിരുന്നു. പാറമടയുടെ മാനേജർമാരിൽ ഒരാളായ നടുവട്ടം ഇട്ടുങ്ങപ്പടി രഞ്ജിത്ത്, അജേഷ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്നയാളാണ് അജേഷ്.
ഇക്കഴിഞ്ഞ സെപ്തംബർ 21 നാണ് മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് വിവിധ ഭാഷാ തൊളിലാളികൾ മരിച്ചത്. പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയുമാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.