മലപ്പുറം: മലപ്പുറത്ത് നാല് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച്‌ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കള്‍. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്ബില്‍ അഷറഫും ആസിഫയുമാണ് മകള്‍ നൈഫ ഫാത്തിമ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഇരുവരും ഇന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തി.

മകള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ചികിത്സയില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. നൈഫ ഫാത്തിമയുടെ ആദ്യ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി. അവിടെ നിന്നുള്ള ഫലവും നെഗറ്റീവായിരുന്നു. മരിച്ച ശേഷം നടത്തിയ ഫലവും നെഗറ്റീവായി. അതുകൊണ്ട് തന്നെ മകള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് തങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അഷ്‌റവും ആസിഫയും വാര്‍ത്താസമ്മേളളനത്തില്‍ ചൂണ്ടിക്കാട്ടി.

ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് സര്‍ക്കാര്‍ സമ്മതിക്കാന്‍ തയ്യാറാവണം. പകരം പിഴവ് മറച്ച്‌ വയ്ക്കാനാണ് ശ്രമിക്കുന്നത്. മരണ ശേഷം മാതാപിതാക്കള്‍ അടക്കം 33 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതും വെറുതെയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.