ലണ്ടന്‍: കോവിഡിനെ പോരാടി തോല്‍പ്പിച്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്സണ് തന്റെ ആശുപത്രി വാസത്തിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. ”മരണം മുന്നില്‍ക്കണ്ട ദിനങ്ങള്‍. ശ്വാസം നേരെവീഴാന്‍ ഓക്സിജന്‍ വന്‍തോതില്‍ ഉപയോഗിക്കേണ്ടിവന്ന മണിക്കൂറുകള്‍. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് തോന്നിയ ഡോക്ടര്‍മാര്‍ ഇതിനിടെ മരണറിപ്പോര്‍ട്ടുതന്നെ തയ്യാറാക്കി വെച്ചു.” -ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റേതാണ് വെളിപ്പെടുത്തല്‍.
കോവിഡ്-19 ബാധിച്ച് ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോണ്സണ് രോഗമുക്തനായി പുറത്തെത്തിയശേഷം ‘ദ സണ്‍’ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ആ ദിനങ്ങള്‍ ഓര്‍ത്തെടുത്തത്.
”തീവ്രപരിചരണ വിഭാഗത്തിലായിരുന്നപ്പോള്‍ തന്റെ മരണം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നു. ‘സ്റ്റാലിന്റെ മരണം’ എന്നതിന് സമാനമായ സഹചര്യം നേരിടാന്‍ ഡോക്ടര്‍മാരും സര്‍ക്കാരും തയ്യാറെടുക്കുകയായിരുന്നു. കഠിനമായ കാലമായിരുന്നു. അത് ഞാന്‍ നിഷേധിക്കുന്നില്ല. മരിക്കുമെന്ന് ഒരിക്കല്‍പ്പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എങ്ങനെ ഇതില്‍ നിന്ന് പുറത്തുകടക്കാമെന്ന് മാത്രമാണ് ആലോചിച്ചത്” – ജോണ്സണ് പറയുന്നു.
മാര്‍ച്ച് 27-നാണ് ജോണ്സണ് രോഗം സ്ഥിരീകരിച്ചത്. തനിക്ക് ലഭിച്ച പരിചരണം അസാധാരണമാണെന്നും ജോണ്സണ് പറഞ്ഞു. പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീണ്ടും വീണ്ടും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞതില്‍ ആശുപത്രി അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രോഗാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിരുന്നില്ല.
ചികിത്സിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായി ബുധനാഴ്ച പിറന്ന തന്റെ ആണ്‍കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരാണ് അദ്ദേഹം നല്‍കിയത്. വില്‍ഫ്രഡ് നികോളാസ് ജോണ്സണ് എന്നാണ് ജോണ്‍സന്റെയും പങ്കാളി കാരി സൈമണ്ട്സിന്റെയും കുഞ്ഞിന്റെ പേര്.