“മരം ഒരു വരമെന്നു” കേട്ട് വളർന്നു നാം
ആദ്യാക്ഷരത്തോടൊപ്പം ‘അമ്മ ചൊല്ലി തന്നു
അദ്ധ്യാപകരും പഠിപ്പിച്ചു വിദ്യാലങ്ങളിൽ
കൂട്ടരും കൂട്ടുകാരും അതേറ്റു ചൊല്ലി..
വിദേശ വസ്ത്രങ്ങളിൽ വന്നവർ നട്ടു മരം
മന്ത്രിമാരും ജനസേവകരും നട്ടുമരം
അറിവ് പകർന്നവർക്കൊപ്പം വിദ്യാലയ-
അങ്കണങ്ങളിൽ ഞങ്ങളും നട്ടേറെ മരം
പാതയോരങ്ങളിൽ നട്ടു തണൽമരം പൂമരം
പാടി പുകഴ്ത്തി മരത്തേക്കുറിച്ചു നാം
വേനലിൽ തണലിനായ് ഓടി നടന്നു നാം
വാടിക്കരിയും വിളകളെ നോക്കി കരഞ്ഞു നാം
ഓർത്തില്ലൊരിക്കലും “മരം ഒരു വരമെന്ന്”
ഓളത്തിൽ പാടുവാനല്ലാതെ മറ്റൊന്നും
“മരം ഒരു വരമെന്നും” പരിസ്ഥിതി പ്രാധാന്യ-
മെന്നും പറഞ്ഞൂറ്റം കൊണ്ടതല്ലാതെ നാം
കാത്തില്ല പ്രകൃതിയെ വളരുവാനായൊന്നും
കാര്യമായ് ചെയ്തില്ല, കാടിനെ നാടാക്കി –
കാടിന്റെ മക്കളെ നിരാലംബരാക്കി വയറിന്റെ
കാളലാൽ നാട്ടിലെത്തിച്ചു നാം നമ്മളെത്തന്നെ
കുരുക്കുന്നു, പാപക്കറയിൽ വിറളി പിടിക്കുന്നു
വാക്കുകളനസ്യൂതം മുഴക്കുന്നു, മുറവിളി കൂട്ടുന്നു
വന്യജീവി പരിപാലകരാകുന്നു നാം..
“മരം ഒരു വരമെന്നു” വീണ്ടും പറഞ്ഞു നാം
കാത്തിരിക്കുന്നു വരും വർഷങ്ങൾ ഘോഷിക്കുവാൻ