ഇടുക്കി: ചിത്തിരപുരത്ത് സ്വകാര്യ ഹോംസ്റ്റേയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോംസ്റ്റേ ഉടമ തങ്കപ്പന്‍, ഇയാളുടെ ഡ്രൈവര്‍ ജോബി, ഇവിടെ താമസിക്കാനെത്തിയ തൃശൂര്‍ സ്വദേശി മനോജ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കളര്‍ ചേര്‍ത്ത വ്യാജമദ്യമാണ് കഴിച്ചതെന്ന് ഹോംസ്റ്റേ ഉടമയുടെ സഹോദരന്‍റെ വെളിപ്പെടുത്തല്‍.
തൃശൂര്‍ സ്വദേശിയായ മനോജ് ഞായറാഴ്ചയാണ് ചിത്തിരപുരത്തെ തങ്കപ്പന്‍റെ ഹോംസ്റ്റേയിലെത്തി എത്തിയത്. ഇയാള്‍ കൊണ്ട് വന്ന മദ്യം തങ്കപ്പനും ഡ്രൈവര്‍ ജോബിയ്ക്കുമൊപ്പം തേനില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു. ഇതിന് ശേഷം തൃശൂരിലേയ്ക്ക് മടങ്ങിയ മനോജിന് കണ്ണിന് കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലെത്തുകയായിരുന്നു. ഇന്നലെ തന്നെ തങ്കപ്പനും ജോബിയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. തങ്കപ്പനും, ജോബിയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലും, മനോജ് അങ്കമാലിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.