തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളികള്‍ക്ക് ആശ്വാസ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലോട്ടറി വില്‍പ്പന തൊഴിലാളികള്‍ക്ക് ആശ്വാസ സഹായമായി 1000 രൂപ വീതം നല്‍കും. 50,000 ലോട്ടറി തൊഴിലാളികള്‍ക്ക് ഇത് നല്‍കും. കൂടാതെ ഒന്നര ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും നല്‍കും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്ഷന് ലഭിക്കാത്ത 1,30,000 തൊഴിലാളികളുണ്ട്. ഇവര്‍ക്കും ആയിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഈറ്റ, കാട്ടുവള്ളി, കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ നിന്ന് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും. കൂടാതെ ബീഡി തൊഴിലാളികള്‍ക്ക് വീട്ടില്‍ തെറുത്ത ബീഡി എത്തിക്കുന്നതിനായി സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.