ഫ്ളോറിഡ: ഒരു നീണ്ട പോരാട്ടത്തിനൊടുവില്‍ മനുഷ്യരെ ഭക്ഷണമാക്കുന്ന 17 അടി നീളമുള്ള പൈത്തോണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെ പിടികൂടി മൈക്ക് കിമ്മല്‍. ഫ്ളോറിഡയിലെ പ്രശസ്തനായ പരിസ്ഥിതി സംരക്ഷകനും പ്രധാന പാമ്പ് പിടുത്തക്കാരനുമാണ് മൈക്ക്. എന്നിട്ടും “പാമ്പ് ഭീകരി”യെ പിടികൂടാന്‍ നന്നേ കഷ്ടപ്പെടേണ്ടി വന്നു.’മനുഷ്യരെ തിന്നുന്ന പെരുമ്പാമ്പിനെ പിടികൂടാന്‍ രാവിലെ 11 ഓടെയാണ് ഞാന്‍ ചതുപ്പില്‍ ഇറങ്ങിയത്.പക്ഷേ, അവളൊരു യുദ്ധത്തിനൊരുങ്ങിയിരിക്കയായിരുന്നു. പൊടുന്നനെ അവള്‍ ആക്രമണം ആരംഭിച്ചു. എന്നെ വാലുകൊണ്ട് അടിച്ച്‌ താഴെയിട്ടു. വരിഞ്ഞു മുറുക്കാന്‍ ശ്രമിച്ചു. അവളുടെ പിടിയില്‍ നിന്ന് വഴുതിമാറാന്‍ നന്നേ തന്നെ പാടുപെട്ടു. എങ്കിലും എന്നെ കടിച്ചു മുറിവേല്‍പ്പിക്കുന്നതില്‍ അവള്‍ വിജയിച്ചു.’-നീണ്ട പോരാട്ടത്തിനൊടുവില്‍ പാമ്പിനെ കീഴടക്കിയ ശേഷം മൈക്ക് കിമ്മല്‍ പറഞ്ഞു. പാമ്പിന്റെ കടിയേറ്റ് മൈക്കിന്റെ തുടയിലും കയ്യിലും നല്ലപോലെ മുറിവേറ്റിട്ടുണ്ട്. ചില ഞരമ്പുകള്‍ക്ക് ചതവുണ്ടായി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പാമ്പിനൊപ്പമുള്ള ചിത്രത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുന്ന മൈക്കിന്റെ കൈകളില്‍ കാണാം.