ലണ്ടന്‍: ക്രീസിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ തനിക്കു പിഴയിട്ട പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിര്‍ ഷായെ പുറത്താക്കിയപ്പോള്‍ മോശം ഭാഷ ഉപയോഗിച്ചതിന്റെ പേരിലാണ് സ്റ്റുവര്‍ട്ട് ബ്രോഡിന് മാച്ച്‌ റഫറി ക്രിസ് ബ്രോഡ് പിഴശിക്ഷ ശുപാര്‍ശ ചെയ്തത്.

മാച്ച്‌ റഫറിയുടെ ശുപാര്‍ശ അംഗീകരിച്ച രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) മാച്ച്‌ ഫീയുടെ 15% പിഴയിടുകയും സ്റ്റുവര്‍ട്ടിന് ഒരു ഡീമെറിറ്റ് പോയിന്റ് ചേര്‍ക്കുകയും ചെയ്തു.

പിഴ അംഗീകരിച്ച ഐസിസിയുടെ ട്വീറ്റ് ചേര്‍ത്താണ് ബ്രോഡ് അച്ഛന് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് തമാശരൂപേണ ട്വീറ്റില്‍ കുറിച്ചത്. മകന്‍ കളിക്കുന്ന മത്സരങ്ങള്‍ സധാരണ ക്രിസ് നിയന്ത്രിക്കാറില്ല. എന്നാല്‍ കോവിഡ് യാത്ര നിയന്ത്രണംംമൂലം ഇംഗ്ലണ്ടിന്റെ ആറ് ടെസ്റ്റുകളുടെയും ചുമതലയേല്‍ക്കാന്‍ ഐസിസി ക്രിസ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.