ന്യൂജേഴ്‌സി: അപൂർവ കഴിവുളുള്ള  ഭിന്നശേഷിക്കാരായ 100  കുട്ടികളുമായി മുതുകാടിന്റെ  അത്യുജ്ജല മാജിക്ക് പ്രകടനം ഇന്ന് രാത്രി 9.30 ന് വെർച്വൽ ആയി തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ അരങ്ങേറുന്നു.  ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച  ഡിഫറെൻറ്  ആർട്സ് സെന്ററിലൂടെയാണ് ഇവരെ മാജിക്ക് എന്ന കലാരൂപം പരിശീലിപ്പിച്ചെടുത്തിട്ടുള്ളത്.

ബുദ്ധി മാന്ദ്യം, ംശാരീരിക വൈകല്യം തുടങ്ങിയവ മൂലം  സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ട നിർധനരായ നൂറു കുഞ്ഞുങ്ങളെ ദത്തെടുത്ത  മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്ക് എന്ന  വിസ്മയ ലോകത്തിലെ കാഴ്ചകളും വിദ്യകളും അവർക്കു പകർന്നു നൽകി  സാധാരണ മജീഷ്യൻമാരെപ്പോലെ മായാജാലം വിദ്യകൾ അവതരിപ്പിക്കുന്ന പെർഫോമിംഗ് മജിഷ്യൻമാരാക്കി അദ്ദേഹം അവരെ പാകപ്പെടുത്തിയെടുത്ത ശേഷം അവർ അവതരിപ്പിക്കുന്ന ആദ്യത്തെ പെർഫോമൻസ് അമേരിക്കൻ മലയാളികൾക്കായി സമർപ്പിക്കുകയാണ്.   മുതുകാടും അദ്ദേഹത്തിന്റെ സ്‌പെഷ്യൽ ശിഷ്യന്മാരായ 100 ആർട്ടിസ്റ്റുകളും ചേർന്ന്  ‘പ്രതിബന്ധങ്ങൾക്കതീതമായ മാജിക്ക്’ എന്ന പേരില്‍ രാത്രി നടത്തുന്ന   തല്‍സമയ  വെർച്ച്വൽ  മാജിക്‌ പെര്‍ഫോമന്‍സ്  ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്നതിനായി ധനസമാഹരണ ലക്ഷ്യത്തോടെയാണ്  സംഘടിപ്പിക്കുന്നത്.
ചേതനാ ഫൌണ്ടേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍, വാഷിംഗ്ടണ്‍ ആന്‍ഡ് ഒറിഗോണ്‍ അസോസിയേഷന്‍ ഓഫ് മലയാളം, ഫൊക്കാനാ വിമണ്‍സ് ഫോറം, കേരളാ ടൈംസ് ഓണ്‍ലൈന്‍ പത്രം, കെയര്‍ ആന്‍ഡ് ഷെയര്‍ ചിക്കാഗോ, സ്റ്റാന്‍ഡ് വിത്ത് കേരള ഡാളസ് തുടങ്ങിയ സംഘടനയുടെ  സഹകരണത്തോടെയാണ് ഈ ഫണ്ട് റൈസിംഗ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡിഫറെൻറ് ആർട്സ് സെന്ററിലെ  ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്നതിനായി നടത്തുന്ന ഈ  ധനസമാഹരണ പരിപാടിയിലേക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.gofundme.com/f/magic-beyond-barriersഎന്ന ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യുകയും സംഭാവന നൽകുകയും ചെയ്യാവുന്നതാണ്. രെജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവധിക്കുകയുള്ളു.
ഒരു ജീവിതകാലം മുഴുവന്‍ ഒരു സൗഭാഗ്യവും അനുഭവിക്കാന്‍ കഴിയാതെ, കാഴ്ചയ്ക്കും കേള്‍വിക്കും സംസാരശേഷിക്കുമൊക്കെ ബുദ്ധിമുട്ട് നേരിട്ട്, ചിലപ്പോള്‍ സ്വന്തം മാതാപിതാക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെ ജീവിക്കേണ്ടി വരുന്ന കുട്ടികളെക്കുറിച്ചുള്ള  ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഭിന്നശേഷിക്കാരായ ഇത്തരം കുരുന്നുകള്‍ക്കായി മാജിക് പ്ലാനറ്റില്‍ ഒരു പ്രത്യേക ഇടം തന്നെ ഒരുക്കാൻ  മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ പ്രേരിപ്പിച്ചത്.. ഭിന്നശേഷിക്കുട്ടികളുടെ പറുദീസ അഥവാ ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്നത് മാജിക് പ്ലാനറ്റിന്റെ ഏറ്റവും മികച്ച ചുവടുവെയ്പാണ്. അങ്ങനെ ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുക്കുവാനും അവരുടെ കഴിവുകള്‍ വെളിച്ചത്തുകൊണ്ടുവരുവാനുമായാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നൂറ് കുട്ടികളാണ് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിനെ പറുദീസയാക്കുന്നത്. ഈ കുട്ടികളാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ വിവിധ വേദികളില്‍ കലാവതരണം നടത്തുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, എം.ആര്‍., ഡിപ്രഷന്‍ മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും വിവിധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലാവതരണം നടത്തുന്ന എല്ലാ കുട്ടികളുടെയും ചെലവുകള്‍ ഏറ്റെടുക്കുന്നതിനും അവര്‍ക്ക് സ്‌റ്റൈഫന്റ് നല്‍കുന്നതിനുമായി നിരവധി സ്‌പോണ്‍സേഴ്‌സ് ഇതിനോടകം രംഗത്തുവന്നിട്ടുണ്ടെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറയുന്നു.

വിസ്മയങ്ങൾ വിരിയുന്ന അത്ഭുതകുട്ടികളുടെ മാജിക്ക് കാണുവാൻ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ രെജിസ്റ്റർ ചെയ്യുകയും ഡൊണേഷൻ നൽകുകയും ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഫേസ് ബുക്ക് വഴി പ്രവേശിക്കുവാൻ ഈ പേജ് സന്ദർശിക്കുക:Log into Facebook