ന്യൂഡല്‍ഹി : ഭാരതം ആയുധമെടുക്കേണ്ട അവസ്ഥ ഉണ്ടായാല്‍ അത് ലോകോപകാരാര്‍ത്ഥമായിട്ടായിരിക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സന്യാസിമാരുടെ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം ആയുധമെടുക്കുന്നുണ്ടെങ്കില്‍ അത് സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ആയിരിക്കില്ല. നമ്മുടെ മണ്ണിനെ സംരക്ഷിക്കാനും രാജ്യത്തിനു പുറത്തും ആവശ്യം വന്നാല്‍ നമ്മള്‍ പോരാടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതം ഒരു സംസ്കൃതിയുള്ള രാജ്യമാണ്. ഇതൊരു മതത്തിന്റെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ ഉണ്ടായതല്ല. സംസ്കൃതിയാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എവിടെയൊക്കെ ഭീഷണി ഉയരുന്നുവോ അവിടെ ശക്തമായ പ്രതിരോധം രാജ്യത്ത് നിന്നുണ്ടാകും. ആദ്ധ്യാത്മികത ഇല്ലാത്ത രാജ്യമെന്നത് ഒരു തുണ്ട് ഭൂമി മാത്രമാണ്. സാമ്പത്തികമായി ആ ഭൂമിക്ക് ഉയര്‍ച്ച പ്രാപിക്കാന്‍ കഴിയുമായിരിക്കാം. പക്ഷേ നിലനില്‍ക്കണമെങ്കില്‍ അതിന്റെ സംസ്കൃതിയുടെ അടിസ്ഥാനത്തിലേ സാദ്ധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രവും രാജ്യവും തമ്മില്‍ വ്യത്യാസമുണ്ട്. രാഷ്ട്രത്തെ ചിരന്തനമായി നിലനിര്‍ത്തുന്നത് അതിന്റെ ആദ്ധ്യാത്മികതയാണ്. സന്യാസിമാര്‍ അതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.