റോം : നിരവധി പേരെ മരണത്തിലേക്ക് നയിച്ച ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി പ്രത്യക്ഷപ്പെട്ടു . ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പിക കഥാപാത്രം നല്‍കുന്ന ഹൊറര്‍ ചലഞ്ചുകള്‍ ഏറ്റെടുത്ത് ഗെയിം കളിച്ച 11കാരന്‍ ജീവനൊടുക്കി. ഇറ്റലിയിലാണ് സംഭവം .
നേപ്പിള്‍സിലെ വിയ മെര്‍ജലിനയില്‍ പത്തുനില കെട്ടിടത്തിന്റെ ജനല്‍ വഴി താഴേക്ക് ചാടിയാണ് 11കാരന്‍ ആത്മഹത്യ ചെയ്തത് . ആരോഗ്യവാനായ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ ടാബ് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ഗെയിമിന് കുട്ടി അടിമയായിരുന്നു എന്ന് മനസ്സിലായത് . ടാബില്‍ മാതാപിതാക്കള്‍ക്കായി അവന്‍ അവസാന സന്ദേശം എഴുതിവെച്ചിരുന്നു . ‘അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു . തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നായിരുന്നു കുറിപ്പ് .
ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പിക കഥാപാത്രത്തിന് അടിമപ്പെട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ജോനാഥനെ ചേര്‍ക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത് . പിന്നീട് അര്‍ധരാത്രി ഉണര്‍ന്ന് പ്രേത സിനിമകള്‍ കാണുന്നത് പോലുള്ള ടാസ്‌കുകള്‍ നല്‍കും . കളിക്കുന്നയാള്‍ സ്വയം ജീവനൊടുക്കുന്നതോടെയാണ് ഗെയിം അവസാനിക്കുക .
നായയുടെയും മനുഷ്യന്റെയും സമ്മിശ്ര രൂപത്തിലുള്ള കഥാപാത്രമാണ് ജോനാഥന്‍. ഇത്തരം ആത്മഹത്യ ഗെയിമുകള്‍ കളിച്ചുതുടങ്ങുന്നതോടെ പിന്നീട് രക്ഷപ്പെടാനാകാത്തവിധം കുട്ടികള്‍ കെണിയില്‍ പെടും . കളിയില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചാല്‍ ഭീഷണിയുമായാണ് ഈ കഥാപാത്രം എത്തുക . ഇതോടെ രക്ഷയില്ലാതെ ആത്മഹത്യ ചെയ്യും വരെ കുട്ടികള്‍ കളി തുടരുന്നതാണ് അപടകത്തിലേക്ക് നയിക്കുന്നത്.