ലണ്ടന്‍: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുക.

വ്യാഴാഴ്ച 539 പേരാണ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ മരണസംഖ്യ 30,615 ആയി. വ്യാഴാഴ്ച 86,583 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. ഏപ്രില്‍ 30 മുതല്‍ ദിവസേന ഒരുലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ വ്യാഴാഴ്ചയും കഴിഞ്ഞില്ല. രാജ്യത്തെ നിലവിലെ രോഗവ്യാപന നിരക്ക് 1:1 എന്ന അനുപാതത്തില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത് 0.7 എന്ന നിരക്കിലെത്തുന്ന ഘട്ടംമുതല്‍ രോഗവ്യാപനനിരക്ക് കൃത്യമായി കുറഞ്ഞുതുടങ്ങുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തല്‍.

രാജ്യത്ത് വ്യാഴാഴ്ച കോവിഡ് ബാധിച്ച്‌ ഒരു ഡോക്ടര്‍ മരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്കും മറ്റൊരു സാമ്ബത്തിക മാന്ദ്യത്തിലേക്കും നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറയിപ്പ് നല്‍കി. രാജ്യത്തിന്റെ സമ്ബത്‌വ്യവസ്ഥ 14 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനാകും ഇത് വഴിവയ്ക്കുക.