ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗ വിദഗ്ദ്ധന്‍ ജിതേന്ദ്ര റാതോഡ്(62) കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. വെയില്‍സ് സര്‍വകലാശാല ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജനായിരുന്നു. വെയില്‍സില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിക്കുന്ന ആരോഗ്യ മേഖലയിലെ ആദ്യ വ്യക്തിയാണ് ഡോ. ജിതേന്ദ്ര റാതോഡ്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കാര്‍ഡിഫിലെ വെയില്‍സ് സര്‍വകലാശാല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മരിച്ചത്.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജിതു എന്ന് വിളിച്ചിരുന്ന ജിതേന്ദ്ര റാതോഡ് അര്‍പ്പണമനോഭാവേെത്താടെ രോഗികളെ ചികിത്സിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് കാര്‍ഡിഫ് ആന്‍ഡ് വെയില്‍സ് സര്‍വകലാശാല പ്രതികരിച്ചു. മനുഷ്യ സ്‌നേ്ഹിയായരുന്ന അദ്ദേഹത്തിന്റെ സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥത മാതൃകയാണെന്നും സര്‍വകലാശാലയുടെ കുറിപ്പില്‍ പറയുന്നു.

ബോംബെ സര്‍വകലാശാലയില്‍ നിന്ന് 1977ല്‍ മെഡിക്കല്‍ പഠനം നടത്തിയ റാതോഡ് ബ്രിട്ടനില്‍ എത്തി ദേശീയ ആരോഗ്യ സേവന വിഭാഗത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ച്‌വരുടെ എണ്ണം 5373 ആയിട്ടുണ്ട്. പ്രധാനമന്ത്രി ബൊറീസ് ജോണ്‍സണ്‍ രോഗം തീവ്രമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ്.