ബ്രസീലിയ: ബ്രസീലില്‍ സ്ഥിതിഗതികള്‍ ഗൗരവമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത് 11,000 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,74,898 ആയതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.
ബ്രിസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 807 പേര്‍ മരിച്ചു. ആരെ മരണം 23,473. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമാണ് ബ്രസീല്‍.
രോഗത്തിന്റെ ഗുരുതരാവസ്ഥ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരൊ പരസ്യമായി നിഷേധിച്ചിരുന്നുവെന്നു മാത്രമല്ല, ദീര്‍ഘകാലമായി തുടരുന്ന സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറി വരുന്ന സമയവുമായിരുന്നു ഇത്. രാജ്യത്തെ 13 ദശലക്ഷം പേര്‍ ചേരികളിലാണ് താമസിക്കുന്നത്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതു മാത്രമല്ല, ശുചിത്വശീലവും ബുദ്ധിമുട്ടേറിയതാണ്. ലോകത്ത് ഏറ്റവും കുറവ് ടെസ്റ്റുകള്‍ നടക്കുന്ന രാജ്യവും ബ്രസീലാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുവന്ന രോഗികളുടെ എണ്ണം കൃത്യമല്ലെന്നും അത് ഇതിനേക്കാള്‍ വളരെ അധികമായിരിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇപ്പോഴുള്ളതിന്റെ 15 മടങ്ങാണ് അവര്‍ കണക്കാക്കുന്നത്.
കൊവിഡ് രോഗവ്യാപനത്തെ സംബന്ധിച്ചിടത്തോളം ലോകത്ത് ഏറ്റവും അപകടകരമായ രാജ്യമാണ് ബ്രസീല്‍. ബ്രസീലില്‍ രോഗവ്യാപനം നിയന്ത്രിക്കാനായില്ലെന്നു മാത്രമല്ല, വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്. തുടക്കം മുതല്‍ രോഗബാധ നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം പ്രസിഡന്റ് തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യപ്രോട്ടോകോളുകള്‍ രാജ്യത്ത് നടപ്പാക്കുകയും ചെയ്തില്ല.