കൊല്ലം: പാലക്കാട്ട് കൊല്ലപ്പെട്ട കൊല്ലത്തെ ബ്യൂട്ടിഷ്യന്‍ ട്രെയിനറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 11 വരെയാണു കസ്റ്റഡി കാലാവധി. പ്രതിയെ ചൊവ്വാഴ്ച പാലക്കാട്ട് തെളിവെടുപ്പിന് എത്തിക്കുമെന്നു അന്വേഷണ സംഘം അറിയിച്ചു .

കൊല്ലം കൊട്ടിയത്തുനിന്നു കാണാതായ മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ സുചിത്രയെ പാലക്കാട് നഗരത്തിലെ മണലിയില്‍ സുഹൃത്തിന്റെ വീടിനു സമീപത്തുനിന്നും കൊന്നു കുഴിച്ചിട്ട നിലയിലാണു പോലീസ് കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമാണു പ്രതിയായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയായ പ്രശാന്ത്. പ്രശാന്തും സുചിത്രയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. പ്രശാന്തിന്‍റെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ആ ബന്ധം വളരുകയായിരുന്നു. കൊല്ലപ്പെടുമ്ബോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ടര ലക്ഷം രൂപയാണ് പ്രശാന്ത് സുചിത്രയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഈ സാമ്ബത്തിക ഇടപാടുകളും ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതെയിരുന്നതുമാണ് കെലാപാതകത്തിലേക്ക് പ്രശാന്തിനെ നയിച്ചത് . സാമ്ബത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി.

കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാര്‍ച്ച്‌ 18 നാണ് കാണാതാവുന്നത്. അന്ന് ഭര്‍ത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു .