ലണ്ടൻ: കോവിഡ്- 19ബാധയേത്തുടർന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിവിട്ടു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനേത്തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. 55കാരനായ പ്രധാനമന്ത്രിയെ രോഗം മൂർച്ഛിച്ചതിനേത്തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഇതിനു ശേഷം പ്രധാനമന്ത്രിയുടെ ചുമതലകൾ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ആയിരുന്നു നിർവഹിച്ചിരുന്നത്.മാർച്ച് 27 നാണു ബോറിസ് ജോൺസണു കോവിഡ് സ്ഥിരീകരിച്ചത്.
അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. വീട്ടിലിരുന്നുകൊണ്ടുതന്നെ വീഡിയോ കോൺഫെറൻസ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും അവ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു ബോറിസ്.