ബെത്ലഹേം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന ബെത്ലഹേമില്‍ യേശു ക്രിസ്തു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘തിരുപ്പിറവി ദേവാലയം’ വീണ്ടും തുറന്നു. രണ്ടു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന ദേവാലയം ഇന്നലെയാണ് തുറന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ദേവാലയ വാതിലുകള്‍ തുറക്കുന്നതിന് ചുരുക്കം ചില വൈദികര്‍ മാത്രം സാക്ഷ്യം വഹിച്ചു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഇക്കഴിഞ്ഞ തിങ്കളാഴ്ച പലസ്തീന്‍ പ്രധാനമന്ത്രി മൊഹമ്മദ്‌ ഷ്ട്ടായ്യെ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ദേവാലയം തുറന്നത്.

ദേവാലയം തുറന്ന ഉടനെ ബെത്ലഹേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ തലവനായ ബിഷപ്പ് തിയോഫിലാക്ടോസ് ദേവാലയത്തിലെ വിശുദ്ധ രൂപം ചുംബിച്ചു. തുടര്‍ന്നു യേശു ജനിച്ചുവെന്ന്‍ വിശ്വസിക്കപ്പെടുന്ന സ്ഥലത്തു വൈദികര്‍ പ്രാര്‍ത്ഥന നടത്തി. നിലവില്‍ ഒരേസമയം 50 പേര്‍ക്ക് മാത്രമാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ അനുവാദമുള്ളു. മാസ്കും ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങീ നിരവധി കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഭരണനേതൃത്വം പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രോട്ടോയിലെ കല്ലുകളെ സ്പര്‍ശിക്കുന്നതിനും ചുംബിക്കുന്നതിനും വിലക്കുണ്ട്. നഗരത്തിലെത്തിയ ഗ്രീക്ക് സന്ദര്‍ശകരിലാണ് ബെത്ലഹേമില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന്‍ അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം തിരുപ്പിറവി ദേവാലയം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.