കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നും വിവരം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക.

തിരുവനന്തപുരം പൊന്‍മുടി പ്രദേശത്ത് കൂടി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. ആറ്റിങ്ങല്‍- വര്‍ക്കല തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡാമുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

അതേസമയം ബുറേവി ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയ്ക്കാണ് ബുറേവി തീരം തൊട്ടത്. ശ്രീലങ്കയില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാഫ്‌നയിലെ വാല്‍വെട്ടിത്തുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇന്ന് ഉച്ചയോടെ ബുറേവി തമിഴ്‌നാട് തീരം തൊടും. തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശമുണ്ട്.