ന്യുയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മാതാവ് മറിയാമ്മ ഐസക്ക് ഈസ്റ്റർ ദിനമായ നാളെ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നു. മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് പരേതനായ എ.എം.ഐസക്കിന്റെ സഹധർമ്മിണിയായ മറിയാമ്മ ഐസക്ക് കോഴഞ്ചേരി പ്ലാമ്മൂട്ടിൽ കാവിൽ കുടുംബാംഗമാണ്.
മാവേലിക്കര ചെറുകോലിൽ ഉള്ള ആറ്റുപുറത്ത് ഭവനത്തിൽ ഇപ്പോൾ വിശ്രമജീവിതം നയിച്ചുവരുന്ന പ്രിയ മാതാവ് വിനയമുള്ള ജീവിതശൈലിയുടെയും, മറ്റുള്ളവരെ കരുതുന്നതിലും ഉത്തമ മാതൃകയാണ്. ഏറ്റവും ഇളയ മകനാണ് ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ്. ഐസക്ക് മാത്യു, ഐസക്ക് വർഗീസ് എന്നിവരാണ് മറ്റു മക്കൾ.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ജന്മദിനാഘോഷങ്ങൾ ഒന്നും പ്രത്യേകം നടത്താതെ ദൈവ കൃപയുടെ തണലിൽ ഈസ്റ്റർ ഞായറാഴ്ച്ച നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് മാവേലിക്കര ചെറുകോൽ മാർത്തോമ്മ ഇടവകാംഗം ആയ മറിയാമ്മ ഐസക്ക്.
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ എല്ലാ ഇടവകളുടെയും സംഘടനകളുടെയും പേരിൽ നാളെ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഭദ്രാസനാധിപന്റെ മാതാവിന് ആയുസ്സ് ആരോഗ്യങ്ങളും, പ്രാർത്ഥനയും ജന്മദിനാശംസകളും നേരുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.